Top

'ഭഗവത്ഗീത ഉടൻ പാഠ്യപദ്ധതിയുടെ ഭാഗമാകും'; വിവാദങ്ങൾക്ക് പിന്നാലെ പ്രഖ്യാപനവുമായി കര്‍ണാടക വിദ്യഭ്യാസ മന്ത്രി

20 Sep 2022 3:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭഗവത്ഗീത ഉടൻ പാഠ്യപദ്ധതിയുടെ ഭാഗമാകും; വിവാദങ്ങൾക്ക് പിന്നാലെ പ്രഖ്യാപനവുമായി കര്‍ണാടക വിദ്യഭ്യാസ മന്ത്രി
X

ബെംഗളൂരു: കര്‍ണാടകയില്‍ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഈ അധ്യായന വര്‍ഷം മുതൽ തന്നെ ഭഗവത്ഗീത പഠനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭഗവത്ഗീത ധാര്‍മിക ശാസ്ത്ര വിഷയത്തിന് കീഴിലായിരിക്കും പഠിപ്പിക്കുകയെന്ന് മന്ത്രി അറിയിച്ചു.

ഭഗവത്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സമിതിയെ രൂപീകരിച്ച് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി നിയമസഭ സെഷനില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ബൈബിളും ഖുറാനും പോലെ ഭഗവത്ഗീത മതഗ്രന്ഥമല്ലെന്ന മന്ത്രി നാഗേഷിന്റെ പ്രസ്താവന വിവാദമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഗുജറാത്തിന്റെ മാതൃകയില്‍ കര്‍ണാടകയിലും ഭഗവത്ഗീത പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭഗവത്ഗീത സിലബസില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.

അതേസമയം, വിദ്യാഭ്യസത്തിന്റെ പേരില്‍ മതപരമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പഠിപ്പിക്കാന്‍ നോക്കുന്നതെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അജയ് കാമത്ത് വിമര്‍ശിച്ചു. പുരാതന വിദ്യാഭ്യാസ സമ്പ്രദായം ദളിതരെയും സ്ത്രീകളെയും മാറ്റി നിര്‍ത്തിയിരുന്നെന്നും ഭഗവത്ഗീത അശാസ്ത്രീയമാണെന്നും കാമത്ത് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ അന്ധവിശ്വാസങ്ങള്‍ വളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: BC Nagesh said Bhagavad Gita to be included in Karnataka schools soon

Next Story