ന്യൂഡൽഹി: അഴിമതിക്കേസിൽ സിബിഐയുടെ നിരീക്ഷണത്തിലായിരുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ഗാസിയാബാദ് സ്വദേശിയായ അലോക് കുമാറിനെയാണ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിൽ ഇഡി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ് അലോക് കുമാർ. നേരത്തെ ആദായ നികുതി വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. അലോക് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
അഴിമതി ആരോപണത്തിൽ സിബിഐ അദ്ദേഹത്തെ രണ്ടുതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുകയായിരുന്നു. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ സന്ദീപ് സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൈക്കൂലി കേസിൽ അലോക് കുമാറിൻ്റെ പേര് ഉയർന്ന് വന്നത്. മകനെ അറസ്റ്റ് ചെയ്യാതിരിക്കാൻ സന്ദീപ് സിങ്ങ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായി സിബിഐക്ക് പരാതി ലഭിച്ചിരുന്നു.
പരാതി ശരിയാണോ എന്ന് പരിശോധിക്കാൻ സിബിഐ സന്ദീപ് സിങ്ങിനെ വിളിക്കുകയും കൈക്കൂലിയായി 20 ലക്ഷം രൂപ നൽകുകയും ചെയ്തു. അദ്ദേഹം കൈക്കൂലി വാങ്ങിയതോടെയാണ് സിബിഐ, ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ സന്ദീപ് സിംഗിനെ അറസ്റ്റ് ചെയ്തത്.എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ മുംബൈ ജ്വല്ലറിയിൽ നിന്നും സിങ്ങ് കൈക്കൂലി വാങ്ങിയതായി റിപ്പോർട്ടുണ്ട്. അതേ കേസിൽ എഫ്ഐആറിൽ സന്ദീപ് സിങ്ങിനൊപ്പം അലോക് രഞ്ജനെയും പ്രതി ചേർത്തിട്ടുണ്ട്. കേസിനെ തുടർന്ന് സന്ദീപ് സിംഗിനെ സസ്പെൻഡ് ചെയ്തിരുന്നതായും റിപ്പോർട്ട് ഉണ്ട്.