മറുപടി തൃപ്തികരമല്ലെങ്കിൽ കോടതി 'അറ്റ കൈ' പ്രയോഗിക്കുമോ? നീറ്റ് പരീക്ഷ ഓൺലൈനാക്കിയേക്കും?

ചോദ്യങ്ങൾ ടെലഗ്രാമിൽ ചോർന്നുവെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഹർജിക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചെന്നും റിപ്പോർട്ടുണ്ട്
മറുപടി തൃപ്തികരമല്ലെങ്കിൽ കോടതി 'അറ്റ കൈ' പ്രയോഗിക്കുമോ? നീറ്റ് പരീക്ഷ ഓൺലൈനാക്കിയേക്കും?

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ ഓൺലൈൻ ആക്കാനുള്ള ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗികമായ ഒരു തീരുമാനമോ ആലോചനകളോ കേന്ദ്രസർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഇങ്ങനെയിലൊരു സാധ്യതയും പരിഗണനയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നീറ്റ് ക്രമക്കേട് പരിശോധിച്ച സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് അംഗീകരിച്ച സുപ്രീം കോടതി ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും എന്‍ടിഎയും കേന്ദ്ര സര്‍ക്കാരും എല്ലാ കാര്യങ്ങളും വിശദീകരിക്കണമെന്നും പറഞ്ഞിരുന്നു.

ചോദ്യപേപ്പർ ചോർച്ചയിലെ നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജിക്കാർ സമർപ്പിച്ചിരുന്നു. ചോർച്ച സംഘടിതമായ ഒരു തട്ടിപ്പായിരുന്നുവെന്നും ചോദ്യങ്ങളെല്ലാം തലേദിവസം തന്നെ ചോർന്നുവെന്നതിനുള്ള തെളിവുകളാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്.

ചോദ്യങ്ങൾ ടെലഗ്രാമിൽ ചോർന്നുവെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഹർജിക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ ഗൗരവത്തിലെടുത്ത കോടതി എൻ ടി എയോട് ചോദ്യപേപ്പർ ചോർന്നത് ശരിയല്ലേ എന്ന ചോദ്യം ഉന്നയിച്ചു. എന്നാൽ ചില ഇടങ്ങളിൽ മാത്രമേ ചോർന്നിട്ടുള്ളു എന്നായിരുന്നു എൻ ടി എയുടെ മറുപടി. വ്യാഴാഴ്ചയാണ് കേന്ദ്രസർക്കാരിനും എൻ ടി എയ്ക്കും കോടതിയിൽ മറുപടി പറയാനുള്ള അവസാന ദിവസം. മറുപടി തൃപ്തികരമല്ലെങ്കിൽ ഈ വീഡിയോ ദൃശ്യങ്ങളുടെയടക്കം അടിസ്ഥാനത്തിൽ കോടതി പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ടേക്കാം.

ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട കോടതി ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നും അറിയിച്ചിരുന്നു.

ചോദ്യപ്പേപ്പറുകള്‍ സൂക്ഷിച്ചത് ആരുടെ കസ്റ്റഡിയിൽ, ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ക്ക് കൈമാറിയത് എന്ന്, ചോദ്യപ്പേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ചെയ്ത സൗകര്യങ്ങളെന്ത്, ചോദ്യപ്പേപ്പറുകള്‍ പ്രസ് എന്‍ടിഎയ്ക്ക് കൈമാറിയത് എങ്ങനെ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഇരുവരോടും കോടതി ചോദിച്ചത്. കുറ്റക്കാരെ കണ്ടെത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും എന്‍ടിഎയോട് കോടതി ചോദിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് പറഞ്ഞ കോടതി കുറ്റക്കാരും ഉപഭോക്താക്കളും ആരെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com