
ന്യൂഡൽഹി: രാജ്യത്തെ എല്ലാ ലോക്കോപൈലറ്റുമാരുടെയും ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ലോക്കോപൈലറ്റുമാരെ കണ്ടശേഷം ഇന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
നരേന്ദ്ര മോദി ഭരണകൂടത്തിൽ ലോക്കോപൈലറ്റുമാരുടെ ജീവിതം മുഴുവനായും താളംതെറ്റിയിരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ ദശലക്ഷക്കണക്കിന് മനുഷ്യജീവനുകൾ ആശ്രയിക്കുന്ന ആളുകൾക്ക് സ്വന്തം ജീവിതത്തിൽ വിശ്വാസമില്ലെന്നും പറഞ്ഞു. 'എഞ്ചിനുകളിൽ ടോയ്ലെറ്റുകൾ ഇല്ല, എത്ര മണിക്കൂർ ജോലി ചെയ്യണമെന്നോ ലീവുകൾ എങ്ങനെയെന്നോ അറിയില്ല. ഇവർ മാനസികമായും ശാരീരികമായും തകർന്നിരിക്കുകയാണ്'; രാഹുൽ കൂട്ടിച്ചേർത്തു.
ഇത്തരം ഘട്ടങ്ങളിൽ ഇവരെക്കൊണ്ട് ട്രെയിൻ ഓടിക്കുന്നത്, ഇവരുടെയും യാത്രക്കാരുടെയും ജീവന് അപകടമാണെന്നും രാഹുൽ പറഞ്ഞു. ലോക്കോപൈലറ്റുമാരുടെ പ്രശ്നം ഇൻഡ്യ സഖ്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും കൃത്യമായ പരിഹാരം ഉണ്ടാക്കുമെന്നും രാഹുൽ കുറിച്ചു.
കഴിഞ്ഞ ദിവസം ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലെത്തിയ രാഹുൽ നിരവധി ലോക്കോപൈലറ്റുമാരെ കണ്ട് സംസാരിച്ചിരുന്നു. ഇവരുടെ പരാതികൾ ക്ഷമയോടെ കേൾക്കുകയും പരിഹാരം ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ രാഹുല് സംസാരിച്ച ലോക്കോ പൈലറ്റുമാര് തങ്ങളുടെ ഡിവിഷനിൽ നിന്നുള്ളവരല്ലെന്ന ചീഫ് പബ്ലിക് റിലേഷന്സ് ഓഫീസര് ദീപക് കുമാര് പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതുറന്നു. രാഹുൽ ക്യാമറാമാൻമാർക്കൊപ്പം ലോക്കോപൈലറ്റുമാരെയും കൂട്ടിക്കൊണ്ടുവന്നുവെന്ന് ബിജെപി വിമർശിച്ചപ്പോൾ മറ്റ് നിരവധി ബിജെപി നേതാക്കൾ രാഹുൽ റീൽസ് ഉണ്ടാക്കുന്ന തിരക്കിലാണെന്നും മറ്റും പരിഹസിച്ചിരുന്നു.