രാഹുലിന് ബാലക്ബുദ്ധി, ഇന്നലെ പാര്‍ലമെന്‍റിലുണ്ടായത് അനുകമ്പ നേടാനുള്ള നാടകം: നരേന്ദ്ര മോദി

'അംബേദ്ക്കറുടെ രാഷ്ട്രീയം പരാജയപ്പെടുത്താന്‍ ജവഹര്‍ലാല്‍ നെഹ്റു വലിയ പരിശ്രമം നടത്തി. ജഗ്ജീവന്‍ റാം പ്രധാനമന്ത്രിയാക്കാതിരിക്കാന്‍ ഇന്ദിരാ ഗാന്ധി ഗൂഢാലോചന നടത്തി'
രാഹുലിന് ബാലക്ബുദ്ധി,  ഇന്നലെ പാര്‍ലമെന്‍റിലുണ്ടായത് അനുകമ്പ നേടാനുള്ള നാടകം: നരേന്ദ്ര മോദി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാര്‍ലമെന്‍റിലുണ്ടായത് അനുകമ്പ നേടാനുള്ള നാടകമെന്ന് കുറ്റപ്പെടുത്തിയ മോദി രാഹുലിനെ ബാലക്ബുദ്ധിയെന്ന് വിളിച്ചും പരിഹസിച്ചു. 'ബാലക്ബുദ്ധി കരയുകയാണ്. ഇയാള്‍ എന്ന അടിച്ചു, അയാള്‍ എന്നെ അടിച്ചു, ഇവിടെയാണ് അടിച്ചത്, അവിടെയാണ് അടിച്ചത്. ഇത് സഹതാപം നേടാനുള്ള നാടകമാണ്. കുട്ടികളുടെ മനസ്സുള്ള അയാള്‍ക്ക് എന്താണ് പറയേണ്ടതെന്നോ, എങ്ങനെയാണ് പെരുമാറേണ്ടതെന്നോ അറിയില്ല. ചിലപ്പോള്‍ അയാള്‍ ലോക്‌സഭയില്‍ ഉച്ചമയക്കത്തിലാണ്. രാജ്യത്തിന് അയാളെ നന്നായി അറിയാം. നിങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ അറിയില്ലെന്നാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ അയാളോട് പറയുന്നത്' എന്നായിരുന്നു മോദിയുടെ പരിഹാസം. ഇന്നലെ അഗ്നിവീര്‍ സംബന്ധിച്ചും നുണ പറഞ്ഞു. കോണ്‍ഗ്രസ് അരാജകത്വത്തിന്‍റെയും നുണയുടേയും മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

സഭയോട് ബഹുമാനമില്ലാത്തത് രാജ്യ സ്ഥാപനത്തിന് സര്‍വം സമര്‍പ്പിച്ച നേതാക്കളോടുള്ള അപമാനമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന നുണകള്‍ രാജ്യത്തെ സാമാന്യ ജനത്തെ വെല്ലുവിളിക്കുന്നതാണ്. സഭയുടെ ഗരിമ സ്പീക്കര്‍ സംരക്ഷിക്കണം. സംവരണത്തിന്‍റെയും ഭരണഘടനയുടെയും കാര്യത്തില്‍ പ്രതിപക്ഷം നിരന്തരം നുണ പ്രചരിപ്പിക്കുകയാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

ഈ വര്‍ഷം അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികമാണ്. അടിയന്തരാവസ്ഥ ഏകാധിപത്യ മനോഭാവം കൊണ്ട് സംഭവിച്ചതാണ്. ഇവരാണ് തുടക്കത്തിലെ രാജ്യത്തെ ദലിത് വിഭാഗത്തോടും പിന്നോക്ക വിഭാഗത്തോടും അനീതി കാണിച്ചവര്‍. അതുകൊണ്ടാണ് അംബേദ്ക്കര്‍ നെഹ്റു മന്ത്രിസഭയില്‍ അംഗമാക്കാതിരിക്കുന്നത്. അംബേദ്ക്കറുടെ രാഷ്ട്രീയം പരാജയപ്പെടുത്താന്‍ ജവഹര്‍ലാല്‍ നെഹ്റു വലിയ പരിശ്രമം നടത്തിയെന്നും ജഗ്ജീവന്‍ റാം പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഇന്ദിരാ ഗാന്ധി ഗൂഢാലോചന നടത്തിയെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സംവരണത്തെ ശക്തമായി എതിര്‍ത്തവരാണ്. നെഹ്റു മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുത്തി സംവരണത്തെ എതിര്‍ത്തു.

പ്രതിപക്ഷത്തെ സംബന്ധിച്ച് ഇത് മൂന്നാമത്തെ വലിയ പരാജയമാണ്. പക്ഷേ അവര്‍ കരുതുന്നത് എന്‍ഡിഎയെ തോല്‍പ്പിച്ചുവെന്നാണ്. ഇത്തവണ അവര്‍ക്ക് ഏതാണ്ട് 99 സീറ്റ്‌നേടാന്‍ സാധിച്ചുവെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മോദി ചൂണ്ടിക്കാണിച്ചു. ഒരു വിദ്യാര്‍ത്ഥി തന്റെ 99 മാര്‍ക്ക് കാണിച്ച് ആഹ്ലാദിക്കുകയാണ്. അപ്പോള്‍ അവന്റെ ടീച്ചര്‍ പറഞ്ഞു ഇത് 100ല്‍ 99 അല്ല മറിച്ച് 543ല്‍ 99 ആണ്. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ക്ക് ഒരു സന്ദേശമാണ്. കോണ്‍ഗ്രസ് പ്രധാന പാര്‍ട്ടിയായിരുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രകടനം വളരെ മോശമാണ്. ജൂനിയര്‍ പാര്‍ട്ണര്‍ ആയ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത്. മൂന്ന് സംസ്ഥാനങ്ങളില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. തെരഞ്ഞെടുപ്പ് വിജയത്തിനായി സഖ്യകക്ഷികളെ ആശ്രയിച്ച് ജീവിക്കുന്ന പരാന്ന ജീവിയാണ് കോണ്‍ഗ്രസെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. കോണ്‍ഗ്രസ് രാജ്യത്ത് അരാജകത്വം പരത്തുകയാണ്. കോണ്‍ഗ്രസ് സിഎഎയുടെ പേരില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

പ്രതിരോധത്തിന്‍റെ രീതി ലോകത്താകെ മാറുകയാണ്. സൈന്യത്തിന്‍റെ ആധുനീകരണം അത്യാവശ്യമാണ്. ഇവർ നുണ പ്രചരിപ്പിക്കുകയാണ്. നെഹ്രുവിന്‍റെ സമയത്ത് ഇന്ത്യന്‍ സൈന്യം ഏറെ ദുര്‍ബലമാണ്. കോണ്‍ഗ്രസ് പ്രതിരോധരംഗത്ത് അഴിമതിയുടെ തുടര്‍ക്കഥയാണ് സൃഷ്ടിച്ചത്. അധികാരത്തില്‍ ഇരുന്ന് സൈന്യത്തെ ദുര്‍ബലപ്പെടുത്തിയവര്‍ പ്രതിപക്ഷത്ത് ഇരുന്നും അതു തന്നെ തുടരുകയാണെന്നും മോദി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com