'മതസ്വാതന്ത്ര്യ' റിപ്പോർട്ടിനെതിരെ ഇന്ത്യ; പക്ഷപാതപരവും വോട്ട് ബാങ്ക് രാഷ്ട്രീയവുമെന്ന് വിശദീകരണം

റിപ്പോർട്ടിനെ തള്ളിയ ജയ്‌സ്വാൾ അമേരിക്കയിൽ നടക്കുന്ന അക്രമങ്ങളും എണ്ണിപ്പറഞ്ഞു
'മതസ്വാതന്ത്ര്യ' റിപ്പോർട്ടിനെതിരെ ഇന്ത്യ; പക്ഷപാതപരവും വോട്ട് ബാങ്ക് രാഷ്ട്രീയവുമെന്ന് വിശദീകരണം

ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറവെന്ന യുഎസ് റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന് വിശദമാക്കി വിദേശകാര്യ മന്ത്രാലയം. റിപ്പോർട്ട് പക്ഷപാതപരമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം മുൻനിർത്തിയാണെന്നും മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

'യു എസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് മുഴുവനായും തെറ്റിദ്ധാരണ നിറഞ്ഞതും പക്ഷപാതകരവുമാണ്. ഇതിലൂടെ രാജ്യത്തിന്റെ ഭരണസംവിധാനത്തെത്തന്നെ ചോദ്യം ചെയ്യുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഇന്ത്യക്കെതിരെ ഒരു പൊതുബോധം സൃഷ്ടിക്കുകയാണ് ഈ റിപ്പോർട്ട്'; ജയ്‌സ്വാൾ പറഞ്ഞു.

റിപ്പോർട്ടിനെ തള്ളിയ ജയ്‌സ്വാൾ അമേരിക്കയിൽ നടക്കുന്ന അക്രമങ്ങളും എണ്ണിപ്പറഞ്ഞു. യുഎസിൽ നടക്കുന്ന വംശീയ അതിക്രമങ്ങൾ, ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങൾ, ഇന്ത്യക്കാർക്കെതിരായ അക്രമങ്ങൾ എന്നിവയെല്ലാം തങ്ങളുടെ ശ്രദ്ധയിൽപെടുന്നുണ്ടെന്നും രാജ്യത്തിന്റെ നിയമസംവിധാനങ്ങളിൽ യുഎസ് ഇടപെടേണ്ടതില്ലെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന ആശങ്ക മുന്നോട്ടുവെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ന്യൂനപക്ഷ വിശ്വാസ സമൂഹങ്ങളിലെ അംഗങ്ങളുടെ വീടുകൾ, ആരാധനാലയങ്ങൾ തകർക്കൽ എന്നിവയിൽ വർദ്ധനവ് കാണുന്നുവെന്ന് റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

റിപ്പോർട്ടിൽ ഏക സിവിൽ കോഡിനെതിരെയും പരാമർശമുണ്ട്. ഇന്ത്യ മാത്രമല്ല, പാകിസ്ഥാൻ അടക്കമുള്ള ഇന്ത്യയുടെ മറ്റ് അയൽരാജ്യങ്ങളുടെ പേരുകളും യുഎസിന്റെ റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും, ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതായും റിപ്പോർട്ടിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com