തെലങ്കാനയില്‍ ബിആര്‍എസിന് വീണ്ടും തിരിച്ചടി; ആറാമത്തെ എംഎല്‍എ കോണ്‍ഗ്രസിലെത്തി

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയപ്പോഴും ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ നിന്ന് നല്ല രീതിയില്‍ സീറ്റുകള്‍ നേടാന്‍ ബിആര്‍എസിന് കഴിഞ്ഞു.
തെലങ്കാനയില്‍ ബിആര്‍എസിന് വീണ്ടും തിരിച്ചടി; ആറാമത്തെ എംഎല്‍എ കോണ്‍ഗ്രസിലെത്തി

ഹൈദരാബാദ്: തെലങ്കാനയില്‍ മറ്റൊരു ബിആര്‍എസ് എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചെവല്ല എംഎല്‍എ കാലേ യാദയ്യയാണ് കോണ്‍ഗ്രസിലെത്തിയത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢിയുടെ സാന്നിദ്ധ്യത്തിലാണ് കാലേ യാദയ്യ കോണ്‍ഗ്രസിന്റെ ഭാഗമായത്. ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ നിന്ന് ബിആര്‍എസ് വിട്ടെത്തുന്ന രണ്ടാമത്തെ എംഎല്‍എയാണ് കാലേ യാദയ്യ.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയപ്പോഴും ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ നിന്ന് നല്ല രീതിയില്‍ സീറ്റുകള്‍ നേടാന്‍ ബിആര്‍എസിന് കഴിഞ്ഞു. ആകെയുള്ള 39ല്‍ 16 സീറ്റും ഈ മേഖലയില്‍ നിന്നാണ് ബിആര്‍എസിന് ലഭിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ ആറാമത്തെ എംഎല്‍എയാണ് കാലേ യാദയ്യ. തെലങ്കാനയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും ബിആര്‍എസ് മന്ത്രിസഭയിലെ മുന്‍ മന്ത്രിയും സ്പീക്കറുമായ പോച്ചാറാം ശ്രീനിവാസ റെഡ്ഢി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയിലേക്കുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീനിവാസ റെഡ്ഢി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് തന്നെ രേവന്ത് റെഡ്ഢി കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പോച്ചാറാം ശ്രീനിവാസ റെഡ്ഢി, രേവന്ത് റെഡ്ഢിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് പറഞ്ഞു. തന്റെ പശ്ചാത്തലം കര്‍ഷക കുടുംബമെന്ന് പറഞ്ഞ ശ്രീനിവാസ റെഡ്ഢി കോണ്‍ഗ്രസിന് കര്‍ഷകരോടുള്ള സമീപനത്തെയും കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളെയും പുകഴ്ത്തിപ്പറഞ്ഞു.

നിരവധി തവണ എംഎല്‍എയും മന്ത്രിയുമായ പോച്ചാറാം ശ്രീനിവാസ റെഡ്ഢി തെലങ്കാനയിലെത്തന്നെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ടിഡിപിയിലേക്ക് മാറുകയും ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ മന്ത്രിപദവികള്‍ വഹിക്കുകയും ചെയ്തു. പിന്നീട് തെലങ്കാന രാഷ്ട്ര സമിതിയുടെ (ഇന്നത്തെ ബിആര്‍എസ്) തെലങ്കാന രൂപീകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ടിആര്‍എസില്‍ ചേരുകയായിരുന്നു. ആദ്യ ടിആര്‍എസ് മന്ത്രിസഭയിലെ കാര്‍ഷിക വകുപ്പ് മന്ത്രിയും രണ്ടാം ടിആര്‍എസ് മന്ത്രിസഭയില്‍ സ്പീക്കറുമായിരുന്നു അദ്ദേഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com