ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ
അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റൗസ് അവന്യൂ കോടതി. സിബിഐ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. നേരത്തെ ഡൽഹി മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. സ്വകാര്യ വിമാനത്തില്‍ ദില്ലിയിലെത്തി സൗത്ത് ഗ്രൂപ്പുമായി കെജ്‌രിവാള്‍ ചര്‍ച്ച നടത്തി. സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കി. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെജ്‌രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ ആവശ്യം.

മദ്യനയക്കേസില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ പിന്‍വലിച്ചിരുന്നു.ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതിയുടെ പൂര്‍ണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്റെ അഭിഭാഷകന്റെ നടപടി. ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് അനുമതി നല്‍കിയത്. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു വിവരം.

ദില്ലി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്ത്. സിബിഐ തിഹാര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെജ്രിവാളിനെ വിചാരണക്കോടതിയില്‍ ഹാജരാക്കാനും സിബിഐക്ക് കോടതി അനുമതി നല്‍കിയിരുന്നു. കെജ്‌രിവാളിന്റെ ജാമ്യപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.

മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com