ഷുഗർ ലെവൽ അപകടകരമായ നിലയില്‍ താഴ്ന്നു; അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ഷുഗർ ലെവൽ അപകടകരമായ നിലയില്‍ താഴ്ന്നു; അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: ഷുഗർ ലെവൽ അപകടകരമായ നിലയിൽ താഴ്ന്നതിനെത്തുടർന്ന് ആംആദ്മി പാർട്ടി മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി. ദില്ലി ജലക്ഷാമത്തിൽ നിരാഹാര സമരത്തിലാണ് അതിഷി മർലേന.

ഷുഗർ ലെവർ 36ലേക്ക് താഴ്ന്നതോടെയാണ് അതിഷിയെ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയെ എല്‍എന്‍ജെപി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ജലക്ഷാമം രൂക്ഷമായ ഡൽഹിയിൽ, ഹരിയാനയിൽ നിന്ന് വെള്ളമാവശ്യപ്പെട്ടാണ് അതിഷി മാർലേന അനിശ്ചിതകാല നിരാഹാരസമരമിരിക്കുന്നത്. മന്ത്രി എന്ന നിലയിൽ ഹരിയാന സർക്കാരുമായി എല്ലാ ചർച്ചകളും നടത്തിയെന്നും അവർ സഹകരിക്കുന്നില്ലെന്നും അതിഷി ആരോപിച്ചിരുന്നു.

ഡല്‍ഹിയില്‍ ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അതിഷി മർലേന ആരോപിച്ചിരുന്നു. പൈപ്പ് ലൈനുകളിൽ മനഃപ്പൂർവ്വം ചോർച്ചയുണ്ടാക്കാൻ ശ്രമം എന്നും ആരോപണമുണ്ട്. 375 മില്ലി മീറ്റർ പൈപ്പിലെ ബോൾട്ടുകൾ മുറിച്ച നിലയിൽ കണ്ടെത്തിയെന്നും ചിത്രങ്ങൾ സഹിതം മന്ത്രി ആരോപിച്ചു. ജലക്ഷാമത്തിൽ ജനം വലയുമ്പോളാണ് രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നത്.

എന്നാല്‍ ഡൽഹി സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം. എംപിമാർ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു. ഉഷ്ണ തരംഗം ഉണ്ടാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് വിമർശിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com