ജന്മദിനത്തില്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് മദ്യദുരന്തമുഖത്തെത്തി വിജയ്; സഹായം എത്തിക്കാന്‍ നിര്‍ദ്ദേശം

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായ വാഗ്ദാനം ചെയ്തു
ജന്മദിനത്തില്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് മദ്യദുരന്തമുഖത്തെത്തി വിജയ്; സഹായം എത്തിക്കാന്‍ നിര്‍ദ്ദേശം

ചെന്നൈ: തന്‍റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കുന്നതിനിടയില്‍ കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തമുഖത്ത് എത്തിയിരിക്കുകയാണ് താരം. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ വെട്രി കഴകം ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്‍പതാം പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് കള്ളാക്കുറിച്ചിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ താരം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. വിഷമദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സമീപനത്തെ രൂക്ഷമായാണ് താരം വിമര്‍ശിച്ചത്. എക്‌സിലൂടെയാണ് താരം വിമര്‍ശനം രേഖപ്പെടുത്തിയത്.

'കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25ല്‍ അധികം പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയില്‍ കഴിയുന്നവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു.' 'കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം'' എന്നാണ് വിജയ് എക്സില്‍ കുറിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com