വിഷമദ്യം വിതരണം ചെയ്ത ആൾ പിടിയിൽ; കള്ളാക്കുറിച്ചിയിൽ മരണം 55 ആയി

ഇയാളാണ് കരുണാപുരത്തിലേക്ക് വിഷമദ്യം കൊണ്ടുവന്നതെന്നാണ് സൂചന.
വിഷമദ്യം വിതരണം ചെയ്ത ആൾ പിടിയിൽ; കള്ളാക്കുറിച്ചിയിൽ മരണം 55 ആയി

ചെന്നൈ: കള്ളാക്കുറിച്ചി ദുരന്തത്തിൽ വിഷമദ്യം വിതരണം ചെയ്ത ആൾ പിടിയിൽ. ചിന്നദുരൈ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇയാളാണ് കരുണാപുരത്തിലേക്ക് വിഷമദ്യം കൊണ്ടുവന്നതെന്നാണ് സൂചന.

അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. തമിഴ്‌നാട്ടിലെമ്പാടും വലിയ പ്രതിഷേധങ്ങൾ അലയടിച്ചതോടെ വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വിഷമദ്യം കുടിച്ചവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്ന ദൃശ്യങ്ങളും റിപ്പോർട്ടറിന് ലഭിച്ചിരുന്നു. അറസ്റ്റിലായ ഗോവിന്ദരാജൻ്റെ കടയിൽ നിന്ന് വാങ്ങിയ മദ്യം വീട്ടിലുണ്ടായിരുന്നുവെന്നും അറിയാതെ കുടിച്ചെന്നും കരുണാപുരം സ്വദേശിയായ യുവാവ് പറഞ്ഞു. ഇയാളുടെ അമ്മ വിഷമദ്യം കഴിച്ച് മരണപ്പെട്ടിരുന്നു. ബന്ധുകളിൽ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് യുവാവ് കരുണാപുരത്ത് എത്തിയത്. വീട്ടിൽവെച്ച് ബന്ധുക്കൾ വാങ്ങിവെച്ച രണ്ട് മദ്യപാക്കറ്റുകൾ കാണുകയും അറിയാതെ കുടിക്കുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. തുടർന്ന് ഇന്നലെ വൈകിട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യുവാവിനെ ആരോഗ്യ പ്രവർത്തകർ എത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിലവിൽ 190 ഓളം ആളുകളാണ് കള്ളാക്കുറിച്ചി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയിൽ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തിൽ നഷ്ടമായത് നിരവധി പേരുടെ ജീവനാണ്. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com