മോദിയുടെ ചായസൽക്കാരത്തിലെ അസാന്നിദ്ധ്യം, സ്മൃതിയും അനുരാഗ് താക്കൂറും മന്ത്രിസഭയിലുണ്ടായേക്കില്ല

മോദി 3.0 യിൽ മന്ത്രിമാരാകുന്നവർക്ക് മാത്രമാണ് ഇന്ന് രാവിലെ നടന്ന ചായസൽക്കാരത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്.
മോദിയുടെ ചായസൽക്കാരത്തിലെ അസാന്നിദ്ധ്യം, സ്മൃതിയും അനുരാഗ് താക്കൂറും മന്ത്രിസഭയിലുണ്ടായേക്കില്ല

ഡൽഹി: മൂന്നാമതും അധികാരത്തിലേറാൻ പോകുന്ന നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചായ സൽക്കാരത്തിൽ ശ്രദ്ധിക്കപ്പെട്ട് സ്മൃതി ഇറാനിയുടെയും അനുരാ​ഗ് താക്കൂറിന്റെയും അസാന്നിദ്ധ്യം. മോദി 3.0 യിൽ മന്ത്രിമാരാകുന്നവർക്ക് മാത്രമാണ് ഇന്ന് രാവിലെ നടന്ന ചായസൽക്കാരത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്. എന്നാൽ അവിടെ ഇരുവരും പങ്കെടുക്കാതിരുന്നതോടെ മുൻ മന്ത്രിമാർക്ക് മന്ത്രിസഭയിൽ സ്ഥാനമില്ലെന്ന് ഏറെക്കുറേ ഉറപ്പായി.

അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, നിർമ്മലാ സീതാരാമൻ, മൻസൂഖ് മാണ്ഡവ്യ തുടങ്ങിയ മുതിർന്ന നേതാക്കൾ മോദിയുടെ ചായസൽക്കാരത്തിനെത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന എംപിമാർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ കഴിഞ്ഞ രണ്ട് തവണ മന്ത്രിയായ സ്മൃതി ഇറാനിയും ഹിമാചലിൽ നിന്നുള്ള മന്ത്രിയായിരുന്ന അനുരാഗ് താക്കൂറും മന്ത്രിസഭയിലുണ്ടായേക്കില്ല.

അമേത്തിയിൽ നിന്ന് മത്സരിച്ച സ്മൃതി ഇറാനി, കോൺഗ്രസിന്റെ കിഷോരി ലാലിനോട് പരാജയപ്പെട്ടിരുന്നു. 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 2019 ൽ രാഹുലിനെ പരാജയപ്പെടുത്തിയ ഹിന്ദി ഹൃദയഭൂമിയിലെ ഇറാനിയുടെ പരാജയം ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. 1,67,196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി കിഷോരി ലാലിനോട് പരാജയപ്പെട്ടത്.

കൂടാതെ, അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലെ ഹാമിർപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചിരുന്നു. കോൺഗ്രസിൻ്റെ സത്പാൽ റൈസാദയ്‌ക്കെതിരെ 1,82,357 വോട്ടിൻ്റെ വിജയമാണ് താക്കൂർ നേടിയത്. എന്നിട്ടും താക്കൂർ മന്ത്രിസഭയിലുണ്ടാകില്ലെന്നതാണ് വ്യക്തമാകുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com