കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം; സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കര്‍ഷകര്‍

കങ്കണയെ മര്‍ദ്ദിച്ചതിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം; സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കര്‍ഷകര്‍

ന്യൂഡല്‍ഹി: ചണ്ഡീഗഢ് വിമാനത്താവളത്തില്‍വെച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് കര്‍ഷക നേതാക്കളുടെ ആവശ്യം. കുല്‍വീന്ദര്‍ കൗറിനും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നുവെന്നും പഞ്ചാബില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പറഞ്ഞു.

പഞ്ചാബിലെ കര്‍ഷകര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും മയക്കുമരുന്ന് ഉപയോഗിച്ച് കങ്കണ നേരത്തെയും പലര്‍ക്കുമെതിരെ മോശം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം) വ്യക്തമാക്കി. കുല്‍വീന്ദര്‍ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് കുല്‍വീന്ദര്‍ കൗറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ പ്രതിഷേധിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

കങ്കണയെ മര്‍ദ്ദിച്ചതിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയിലേക്ക് പോകവെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.

അതേസമയം കര്‍ഷക സമരം സംബന്ധിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്‍ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്‍ഷകരെ അധിക്ഷേപിച്ചതിനോടാണ് താന്‍ പ്രതികരിച്ചതെന്നും കുല്‍വിന്ദര്‍ കൗര്‍ പ്രതികരിച്ചു. 'നൂറ് രൂപ കിട്ടാനാണ് കര്‍ഷകര്‍ അവിടെ പോയിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. അവര്‍ പോയി അവിടെ ഇരിക്കുമോ? അവര്‍ ഈ പ്രതികരണം നടത്തുമ്പോള്‍ എന്റെ അമ്മയും കര്‍ഷകര്‍ക്കൊപ്പം സമരത്തിലായിരുന്നു', എന്നായിരുന്നു കുല്‍വീന്ദര്‍ കൗറിന്റെ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com