പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും; ധ്യാനം വാരാണസിയിൽ തിരഞ്ഞെടുപ്പ് നടക്കെ

സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്

dot image

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. 45 മണിക്കൂർ നീണ്ട ധ്യാനം ഉച്ചയോടെ അവസാനിപ്പിച്ച് വൈകിട്ട് മൂന്നരയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. വ്യാഴാഴ്ചയാണ് കന്യാകുമാരിയിലെ വിവേകാനന്ദ ധ്യാനകേന്ദ്രത്തിൽ പ്രധാനമന്ത്രി ധ്യാനമാരംഭിച്ചത്. സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്.

മെയ് 30 ന് വൈകീട്ട് അഞ്ച് മണിയോടെ കന്യാകുമാരിയിൽ വന്നിറങ്ങിയ മോദി കന്യാകുമാരി ദേവിയെ തൊഴുത ശേഷം വിവേകാനന്ദപ്പാറയിലേക്ക് പോയി. വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്. 45 മണിക്കൂർ നീളുന്ന ധ്യാനം 30 ന് രാത്രി ഏഴരയോടെ ആരംഭിച്ചു. ധ്യാനം ആരംഭിച്ചതോടെ രാത്രിയിൽ ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. ധ്യാനമണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. തുടർച്ചയായ ധ്യാനത്തിലല്ല പ്രധാനമന്ത്രി, പകരം വെള്ളിയാഴ്ച പുലർച്ചെ സൂര്യോദയം കാണാൻ അദ്ദേഹം പുറത്തിറങ്ങിയിരുന്നു.

അതീവ സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നൽകിയാണ് സ്വീകരിച്ചത്. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും മോദിക്ക് സമ്മാനിച്ചിരുന്നു. ഇന്നലെ വിവേകാനന്ദപ്പാറയിലെത്തിയ പ്രധാനമന്ത്രി തിരുവള്ളൂർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോഴും മോദി ധ്യാനത്തിൽ ആയിരിക്കും. അവസാനഘട്ട തിരഞ്ഞെടുപ്പ് വേളയിലെ മോദിയുടെ ധ്യാനത്തിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ധ്യാനം വിലക്കണമെന്ന പ്രതിപക്ഷ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരസിക്കുകയും ചെയ്തിരുന്നു. ധ്യാനമിരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

കോൺഗ്രസ് 128 സീറ്റുകൾ നേടും,100 സീറ്റുകൾ ഇത് വരെയുള്ള ഘട്ടങ്ങളിൽ നിന്ന് നേടി; മല്ലികാർജുൻ ഖർഗെ
dot image
To advertise here,contact us
dot image