റഫയെ പിന്തുണച്ചു, നിമിഷങ്ങൾക്കകം പോസ്റ്റ് നീക്കം ചെയ്ത് മാധുരി ദീക്ഷിത്; വിമർശിച്ച് സോഷ്യൽ മീഡിയ

ദയനീയം, നിരാശാജനകം, നിലപാടില്ല എന്നീ തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം
റഫയെ പിന്തുണച്ചു,  നിമിഷങ്ങൾക്കകം പോസ്റ്റ് നീക്കം ചെയ്ത് മാധുരി ദീക്ഷിത്; വിമർശിച്ച് സോഷ്യൽ മീഡിയ

റഫയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണത്തിൽ 45 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യവുമായി പ്രമുഖരായ വ്യക്തികളും മനുഷ്യാവകാശ സംഘടനകളും ലോകവ്യാപകമായി പ്രതിഷേധം ഉയർത്തുകയാണ്. നിരവധി രാജ്യങ്ങളിൽ നിന്നും മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്നും വ്യാപകമായ ചർച്ചകൾക്കും ഇടയായ സംഭവത്തിൽ ബോളിവുഡ് താരങ്ങളും, മലയാളി താരങ്ങളും, മറ്റു പ്രമുഖരും ഓൾ ഐസ് ഓൺ റഫ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇതോടെ ക്യാമ്പയിനുളള പിന്തുണ ആഗോളതലത്തിൽ വർദ്ധിച്ചു.

ബോളിവുഡിലെ മുൻ സൂപ്പർനായിക മാധുരി ദീക്ഷിതും പലസ്തീൻ ഐക്യദാർഢ്യവുമായി രം​ഗത്ത് എത്തിയിരുന്നു. പക്ഷെ ഇൻസ്റ്റാഗ്രാം സ്റ്റോറി പെട്ടെന്ന് നീക്കം ചെയ്തത് സോഷ്യൽ മീഡിയയിൽ വളരെയധികം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തിങ്കളാഴ്ച പിങ്ക് ലെഹങ്കയിൽ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീലുകളിലൊന്നിൻ്റെ കമൻ്റ് വിഭാഗത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾ അറിയിച്ച് കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. ദയനീയം, നിരാശാജനകം, നിലപാടില്ല എന്നീ തരത്തിലാണ് ആരാധകരുടെ പ്രതികരണം. ആലിയ ഭട്ട്, ദിയാ മിർസ, റിച്ച ഛദ്ദ, കരീന കപൂർ, വരുൺ ധവാൻ, രശ്മിക മന്ദാന എന്നിവരുൾപ്പെടെയുള്ള വിവിധ ബോളിവുഡ് താരങ്ങൾ "ഓൾ ഐസ് ഓൺ റഫ" പോസ്റ്റ് പങ്കിട്ടിരുന്നു.

ലോകം ഗാസയിലെ സംഭവ വികാസങ്ങളെ വീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. പലസ്തീനികളുടെ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങൾ ശക്തമാകുകയാണ്. ഈ അർത്ഥത്തിലാണ് ചിത്രം ഇപ്പോൾ വ്യാപകമായി കൊണ്ടിരിക്കുന്നത്. 'ഓൾ ഐസ് ഓൺ റഫ' കാമ്പെയ്ൻ വഴി നിരവധി പേരാണ് പലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടിരിക്കുന്നത്. ഇത്രനാൾ പലസ്തീനിന് വേണ്ടി സംസാരിക്കാത്ത ആളുകളും ഈ ക്യാമ്പയിനിൻ്റെ ഭാഗമാകുന്നുണ്ട്.

ബോളിവുഡ് താരങ്ങൾ പലസ്തീൻ ഐക്യദാർഢ്യവുമായി രംഗത്തെത്തിയതിന് പിന്നാലെ ട്രെൻഡിങ് ആയി ബോയ്‌കോട്ട് ബോളിവുഡ് എന്ന പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. ഈ ട്രെൻഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായികയും നടിയുമായ പൂജാ ഭട്ട് രംഗത്തെത്തിയിരുന്നു. താരങ്ങൾ കൂട്ടായി സംസാരിക്കുമ്പോൾ ഇൻഡസ്ട്രിയെ ആക്രമിക്കുകയാണെന്ന് പൂജാ ഭട്ട് പറഞ്ഞു. എക്‌സിലൂടെയാണ് താരത്തിന്റെ പ്രതികരണം.

“ഇത് വീണ്ടും ആരംഭിക്കുന്നു! പലസ്തീനിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കൂട്ടായി സംസാരിക്കുന്നതിന് എന്റർടൈൻമെന്റ് ഇൻഡസ്ട്രി നൽകുന്ന വില ” 'ബോയ്‌കോട്ട് ബോളിവുഡ്' ഹാഷ്ടാഗിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പൂജാ ഭട്ട് പ്രതികരിച്ചത്. എല്ലാ കണ്ണുകളും റഫായിലേക്ക് എന്ന ഹാഷ്ടാഗും ഉൾപെടുത്തിയിട്ടുണ്ട്‌.

റഫയെ പിന്തുണച്ചു,  നിമിഷങ്ങൾക്കകം പോസ്റ്റ് നീക്കം ചെയ്ത് മാധുരി ദീക്ഷിത്; വിമർശിച്ച് സോഷ്യൽ മീഡിയ
പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച ബോളിവുഡിനെതിരെ ബോയ്‌കോട്ട് ആഹ്വാനം; രൂക്ഷവിമർശനവുമായി പൂജാ ഭട്ട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com