അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് എഴുതി തള്ളി; കരുത്തോടെ മടങ്ങിവന്ന് കോണ്‍ഗ്രസ്

ഏകപക്ഷീയമായി ആര് അധികാരത്തിലെത്തും എന്ന് പ്രവചിക്കാന്‍ കഴിയുന്ന അവസ്ഥയല്ല ഈ ഘട്ടത്തിലുള്ളത്.
അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് എഴുതി തള്ളി; കരുത്തോടെ മടങ്ങിവന്ന് കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂണ്‍ നാലിന് വോട്ടെണ്ണിക്കഴിയുമ്പോള്‍ ആരാണ് ഇനി രാജ്യം ഭരിക്കാന്‍ പോവുന്നതെന്ന് അറിയാം. ഏകപക്ഷീയമായി ആര് അധികാരത്തിലെത്തും എന്ന് പ്രവചിക്കാന്‍ കഴിയുന്ന അവസ്ഥയല്ല ഈ ഘട്ടത്തിലുള്ളത്. അത്തരമൊരു അവസ്ഥയിലേക്ക് തിരഞ്ഞെടുപ്പ് പോരാട്ടത്തെ എത്തിക്കാന്‍ പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.

2014ന് ശേഷം നടന്ന ഓരോ തിരഞ്ഞെടുപ്പിലെയും പരാജയത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് പല രാഷ്ട്രീയ നിരീക്ഷകരും ചരമക്കുറിപ്പെഴുതിയിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ കടുത്ത അനുയായികള്‍ പോലും പാര്‍ട്ടിക്ക് ഇനി തിരിച്ചുവരവില്ലെന്ന് കരുതുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ കണ്ടത് അത് വരെ കണ്ട കോണ്‍ഗ്രസിനെയല്ല.

പതിവില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പില്‍ അജണ്ട സെറ്റ് ചെയ്യാന്‍ ഇത്തവണ കോണ്‍ഗ്രസിന് കഴിഞ്ഞു. 2024ലെ തിരഞ്ഞെടുപ്പ് ഭരണഘടനയെ നശിപ്പിക്കുന്നവരും സംരക്ഷിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് എന്ന വ്യാഖ്യാനമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയെടുത്തത്. ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതും പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ജനാധിപത്യം മരണക്കിടയ്ക്കയിലാണെന്ന് വ്യാഖ്യാനിക്കാന്‍ കോണ്‍ഗ്രസ് ഉദാഹരണങ്ങളാക്കി.

'ഇത്തവണ 400' എന്ന ബിജെപിയുടെ മുദ്രാവാക്യത്തെയും കോണ്‍ഗ്രസ് കടന്നാക്രമിച്ചു. 400 സീറ്റ് ബിജെപി ലക്ഷ്യം വെക്കുന്നത് ഭരണഘടനയെ മാറ്റിയെഴുതുന്നതിനും പട്ടികജാതി, വര്‍ഗ സംവരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അപ്പുറത്ത് 50 ശതമാനം മാത്രം സംവരണം എന്ന മാനദണ്ഡം എടുത്തുമാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഓരോ തിരഞ്ഞെടുപ്പ് പ്രചരണ വേദികളിലും സംവരണം അപകടത്തിലാണെന്ന് വാദം കോണ്‍ഗ്രസ് ശക്തമായി ഉന്നയിക്കുന്നു. ഇത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ബിജെപി തിരിച്ചറിഞ്ഞപ്പോഴാണ് പിന്നാക്കക്കാരുടെയും പട്ടികജാതി, വര്‍ഗക്കാരുടെ സംവരണം മുസ്‌ലിങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കുകയാണെന്ന എതിര്‍വാദം ബിജെപി ഉയര്‍ത്തിയത്.

അദാനിയും അംബാനിയും ടെമ്പോയില്‍ പണം കോണ്‍ഗ്രസിന് നല്‍കിയെന്ന മോദി ആരോപണത്തോടും വളരെ ശക്തമായ രീതിയിലാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. വ്യക്തിപരമായി അങ്ങനെ അനുഭവം ഉള്ളത് കൊണ്ടായിരിക്കും ഈ തരത്തില്‍ മോദി ആരോപിക്കുന്നതെന്നും പ്രധാനമന്ത്രി ഭയന്നിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വളരെ പെട്ടെന്ന് പുറത്തിറക്കിയ ഒരു വീഡിയോയിലുടെ മറുപടി പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഇഡി, സിബിഐ എന്നിവയെ ഉപയോഗിച്ച് അന്വേഷണം നടത്താനും രാഹുല്‍ വെല്ലുവിളിച്ചു.

ഒന്നാം ഘട്ടത്തില്‍ പോളിങില്‍ കുറവ് വന്നതോടെയാണ് ബിജെപി മംഗല്‍സൂത്രയിലും മട്ടണിലും മച്‌ലിയിലും അവസാനത്തോടെ മുജ്രയിലും അഭയം തേടിയത്. കോണ്‍ഗ്രസ് മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നതായിരുന്നു ബിജെപിയുടെ ഈ പ്രചരണങ്ങളുടെ കാതല്‍. കോണ്‍ഗ്രസും ഇന്‍ഡ്യ മുന്നണിയും നേട്ടമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായപ്പോഴായിരുന്നു കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് നല്‍കുമെന്ന മോദിയുടെ ആരോപണം.

ഈ ആരോപണങ്ങളൊക്കെ ബിജെപി ശക്തമാക്കിയപ്പോഴൊക്കെ മറുപടി കൊടുത്തെങ്കിലും തങ്ങളുടെ 25 ഗ്യാരണ്ടി വാഗ്ദാനങ്ങളില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നു. രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക ഉന്നമനത്തെ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രസംഗങ്ങളൊക്കെയും.

ജൂലൈ ഒന്നിന് ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. വിജയം തങ്ങള്‍ക്ക് തന്നെയെന്ന് എന്‍ഡിഎയും ഇന്‍ഡ്യ മുന്നണിയും അവകാശപ്പെടുന്നുണ്ട്. ശക്തമായ സംഘടന സംവിധാനവും നേതൃത്വവും ഉള്ളതിനാല്‍ കോണ്‍ഗ്രസിനേക്കാള്‍ മേല്‍ക്കൈ ബിജെപിക്കുണ്ട്. നരേന്ദ്രമോദി തന്നെ മൂന്നാം തവണയും പ്രധാനമന്ത്രിയാവാനുള്ള സാധ്യതയേറെയുമാണ്. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് മാസങ്ങള്‍ക്കുള്ളില്‍ ബിജെപിക്ക് ശക്തമായ തിരഞ്ഞെടുപ്പ് മത്സരം നല്‍കിയെന്നത് വസ്തുതയാണ്. അത് മുന്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സംഘടിതമായിട്ടായിരുന്നു താനും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com