പ്രതിപക്ഷം മുസ്ലിം പ്രീണനം നടത്തുന്നു; ആരോപണവുമായി വീണ്ടും നരേന്ദ്ര മോദി

നേരത്തെ താൻ ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു
പ്രതിപക്ഷം മുസ്ലിം പ്രീണനം നടത്തുന്നു; ആരോപണവുമായി വീണ്ടും നരേന്ദ്ര മോദി

ന്യൂഡൽഹി: കൽക്കത്ത ഹൈക്കോടതി വിധിയെ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം മുസ്ലിം പ്രീണനം നടത്തുന്നു എന്ന ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി രംഗത്ത്. 2010 മുതലുള്ള ഒബിസി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതി നടപടിയെ പരാമര്‍ശിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ താൻ ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. തൻ്റെ മുസ്ലിം പരാമർശങ്ങൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു എന്ന നിലയിൽ പ്രതിപക്ഷം ഉപയോഗിക്കുന്നതായും അഭിമുഖത്തിൽ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം മുസ്ലിം-ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന പ്രത്യക്ഷ വിമർശനം നരേന്ദ്ര മോദി വീണ്ടും ഉയർത്തിയിരിക്കുന്നത്.

പ്രതിപക്ഷം മുസ്ലിം പ്രീണനം നടത്തുന്നുവെന്ന രൂക്ഷവിമർശനമാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പ്രധാനമന്ത്രി നടത്തിയത്. 'രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് അവര്‍ പറയുന്നു. ഇക്കൂട്ടര്‍ വഖഫ് ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി നിരന്തരം നല്‍കുന്നു, പകരം വോട്ട് ചോദിക്കുന്നു. രാജ്യത്തിന്റെ ബജറ്റിന്റെ 15 ശതമാനം ഇക്കൂട്ടര്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാറ്റിവെയ്ക്കുന്നു. ബാങ്ക് ലോണുകളും ഗവണ്‍മെന്റ് ടെണ്ടറുകളും മതാടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്ന'തെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ് പ്രതിപക്ഷം സിഎഎയും മുത്തലാഖും എതിര്‍ക്കുന്നത്. അതിന് വേണ്ടിയാണ് അവര്‍ ഇന്‍ഡ്യ മുന്നണി രൂപീകരിക്കാന്‍ ഒരുമിച്ച് ചേര്‍ന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഖാന്‍ മാര്‍ക്കറ്റ് ഗ്യാങ്ങിന് ഒരു വഴിയേ ഉള്ളു. മോദി എല്ലായിപ്പോഴും മുസ്ലിം എന്ന് ഉപയോഗിക്കുന്നു എന്ന് പറയുകയും അതിനെ സാമുദായിക രാഷ്ട്രീയമെന്ന് മുദ്രകുത്തുകയും ചെയ്യുക എന്ന വഴി. പ്രതിപക്ഷത്തിന്റെ സാമുദായിക രാഷ്ട്രീയമാണ് ഞാന്‍ തുറന്ന് കാണിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ മോദി ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുന്നുവെന്നാണ് പ്രതിപക്ഷം ഒന്നടങ്കം പറയുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കൽക്കത്ത ഹൈക്കോടതി വിധി ഖാന്‍ മാര്‍ക്കറ്റ് ഗ്യാങ്ങിന് കിട്ടിയ അടിയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചു. 'കല്‍ക്കത്ത ഹൈക്കോടതി ഇന്‍ഡ്യ സഖ്യത്തിന് വലിയൊരു അടിയാണ് കൊടുത്തത്. 2010ന് ശേഷം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വിതരണം ചെയ്ത എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും കോടതി റദ്ദാക്കി. മുസ്ലിം വോട്ടുബാങ്കിന് വേണ്ടി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വിശദീകരണമില്ലാത്ത വിധം മുസ്ലിങ്ങള്‍ക്ക് ഒബിസി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്' എന്നായിരുന്നു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ നരേന്ദ്ര മോദിയുടെ കുറ്റപ്പെടുത്തല്‍. വോട്ട് ബാങ്ക് രാഷ്ട്രീയവും രാഷ്ട്രീയ പ്രീതിപ്പെടുത്തലും അതിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഈ തെറ്റിന് ഉത്തരവാദികളായ ഖാന്‍ മാര്‍ക്കറ്റ് ഗ്യാങ്ങിന് കോടതി വലിയ അടിയാണ് നല്‍കിയിക്കുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം. തെക്കന്‍ ദില്ലിയിലെ ആഡംബരഷോപ്പിങ്ങ് മാളാണ് ഖാന്‍ മാര്‍ക്കറ്റ്. രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാന്‍ നരേന്ദ്രമോദിയും ബിജെപിയും പതിവായി ഉപയോഗിക്കുന്ന വിശേഷണമാണ് 'ഖാന്‍ മാര്‍ക്കറ്റ് ഗ്യാങ്ങ്' എന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com