ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ പ്രചാരണം ബിജെപിക്ക് സഹായകമാകില്ല
ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കൊച്ചി: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ പ്രചാരണം ബിജെപിക്ക് സഹായകമാകില്ലെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍. ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളില്‍ ഉണ്ടാക്കിയിട്ടില്ലെന്നും പരകാല പ്രഭാകര്‍ അഭിപ്രായപ്പെട്ടു. 2014 മുതല്‍ ബിജെപിക്ക് കിട്ടിയ അധികവോട്ടുകള്‍ തിവ്രഹിന്ദുത്വയുടെ ഭാഗമാണെന്നാണ് ബിജെപിയിലെ ഒരുവിഭാഗവും ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കുന്നത്. അത് ശരിയല്ലെന്ന നിരീക്ഷണമാണ് പരകാല പ്രഭാകർ നടത്തിയത്. ദി വയറിന് വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു പരകാല പ്രഭാകര്‍ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ 2014ലെ ബിജെപി വിജയത്തിലും പിന്നീട് 2019ലെ തുടര്‍ച്ചയിലും പ്രതിഫലിച്ചത് ഹിന്ദുത്വയുടെ സ്വാധീനമല്ലെന്നാണ് പരകാല പ്രഭാകര്‍ വ്യക്തമാക്കുന്നത്. 2014ല്‍ അഴിമതിക്കെതിരായ വികാരവും 2019ല്‍ ബാലാക്കോട്ടും പുല്‍വാമയുമൊക്കെയാണ് ബിജെപിക്ക് സഹായകമായതെന്നും പരകാല പ്രഭാകര്‍ നിരീക്ഷിച്ചു. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്നുവന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും ധാനകാര്യ കെടുകാര്യസ്ഥതയുമെല്ലാം ബിജെപിക്ക് കാര്യമായ അപകടം വരുത്തും. ഇത് ബിജെപിയെ ശിക്ഷിക്കുമെന്നും പരകാല പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 200 മുതല്‍ 220 സീറ്റുകള്‍ വരെ മാത്രമെ ലഭിക്കൂ എന്നും ഡോ. പരകാല പ്രഭാകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്‍ഡിഎയ്ക്ക് 272 സീറ്റുകള്‍ക്ക് താഴെ മാത്രമേ നേടാന്‍ കഴിയൂ എന്നും പ്രഭാകര്‍ വ്യക്തമാക്കി. ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് 35 മുതല്‍ 42വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പരകാല പ്രഭാകറിന്റെ നിഗമനം. പരകാല പ്രഭാകറിൻ്റെ നിരീക്ഷണമനുസരിച്ച് ബിജെപിയും സഖ്യകക്ഷികളും പരമാവധി സീറ്റുകൾ നേടിയാലും 262 എന്ന അംഗസംഖ്യയിലേയ്ക്ക് മാത്രമേ എൻഡിഎയ്ക്ക് എത്തിച്ചേരാൻ കഴിയൂ. ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണ്. 

Related Stories

No stories found.
logo
Reporter Live
www.reporterlive.com