'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

അഖിലേഷ് യാദവിനൊപ്പം സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഖര്‍ഗെയുടെ പ്രതികരണം
'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

ലഖ്‌നൗ: പൊതുതിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പിന്നിടുമ്പോള്‍ ഇന്‍ഡ്യ മുന്നണി ശക്തമായ നിലയിലാണെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി നടപടി സ്വീകരിക്കാത്തതെന്താണെന്നും ഖര്‍ഗെ ചോദിച്ചു,

രാജ്യത്ത് നാല് ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇന്‍ഡ്യ മുന്നണി ശക്തമായ നിലയിലാണ്. രാജ്യത്തെ ജനങ്ങള്‍ മോദിക്ക് യാത്രയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് തനിക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കും. ഇന്‍ഡ്യ മുന്നണി ജൂണ്‍ നാലിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കും എന്നായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പ്രതികരണം. അഖിലേഷ് യാദവിനൊപ്പം സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഖര്‍ഗെയുടെ പ്രതികരണം.

ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റുമെന്നും ഖര്‍ഗെ ആരോപിച്ചു. ഇവര്‍ ഭരണഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇത് ആദ്യമായി പറഞ്ഞത്. ഭരണഘടന മാറ്റാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് കര്‍ണാടകയിലാണ് പറഞ്ഞത്. ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ഉത്തര്‍ പ്രദേശില്‍ നിരവധി പേരാണ് പറയുന്നത്. എന്നാല്‍ ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോയെന്നും ഖര്‍ഗെ ചോദിച്ചു.

മോദി ഈ വിഷയത്തില്‍ നിശബ്ദമായിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങള്‍ ശക്തിയെക്കുറിച്ചും 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ചും പറയുന്നു. നിങ്ങള്‍ എന്തിനാണ് അവരെ ഭയക്കുന്നത്. അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മടിക്കുന്നത്. ഭരണഘടനയ്‌ക്കെതിരെ ആരും ഇത്തരം കാര്യങ്ങള്‍ പറയാന്‍ പാടില്ലെന്നും ഖര്‍ഗെ വ്യക്തമാക്കി.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള നിയമനിര്‍മ്മാണം കോണ്‍ഗ്രസ് നടത്തുമെന്ന് വ്യക്തമാക്കിയ ഖര്‍ഗെ ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 10 കിലോ സൗജന്യ റേഷന്‍ പാവങ്ങള്‍ക്കായി അനുവദിക്കുമെന്നും പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 സീറ്റില്‍ 79ലും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്ന് അഖിലേഷ് യാദവും വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com