എഎപി എംപിയെ കൈവെച്ച മുഖ്യമന്ത്രിയുടെ പി എസ്; ബിഭാവ് കുമാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ വലംകൈ

2015ലാണ് ബിഭാവ് കുമാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നത്. 2020ല്‍ ആം ആദ്മി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ ബിഭാവ് കുമാറിന് വീണ്ടും അതേ പദവിയില്‍ പുന:ര്‍നിയമനം നല്‍കി
എഎപി എംപിയെ കൈവെച്ച മുഖ്യമന്ത്രിയുടെ പി എസ്; ബിഭാവ് കുമാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ വലംകൈ

ആം ആദ്മി പാര്‍ട്ടി എം പി സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് അരവിന്ദ് കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി കൈയ്യേറ്റം ചെയ്തത് വിവാദമായിരുന്നു. മുഖ്യമന്ത്രിയെ കാണാനെത്തിയ സ്വാതി മലിവാളിനോട് മുഖ്യമന്ത്രിയുടെ പി എസ് അപമര്യാദയായി പെരുമാറിയെന്ന് ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിങ്ങും സ്ഥിരീകരിച്ചിരുന്നു.

'സ്വാതി മലിവാള്‍ അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെത്തി. അവര്‍ ഡ്രോയിംഗ് റൂമില്‍ കാത്തുനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പി എസ് ബിഭാവ് കുമാര്‍ അവരോട് മോശമായി പെരുമാറി. ഇത് അങ്ങേയറ്റം അപലപനീയമായ സംഭവമാണ്. കെജ്‌രിവാൾ കര്‍ശന നടപടിയെടുക്കും എന്നായിരുന്നു സഞ്ജയ് സിങ്ങിന്റെ പ്രതികരണം.

ആരോപണ വിധേയനായ പി എസ് ബിഭാവ് കുമാര്‍ കെജ്‌രിവാളിന്റെ വിശ്വസ്തനും വലംകൈയ്യുമാണ്. ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സമരമുന്നേറ്റത്തിന്റെ കാലത്താണ് ബിഭാവ് കുമാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ അടുപ്പക്കാരനാകുന്നത്. ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയ്ക്ക് വേണ്ടി വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി എത്തിയ വീഡിയോ ജേര്‍ണലിസ്റ്റായിരുന്നു ബിഭാവ് കുമാര്‍. ഇക്കാലയളവിലാണ് അരവിന്ദ് കെജ്‌രിവാളും ബിഭാവ് കുമാറും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത്. ഇക്കാലയളവില്‍ അവരുടെ സൗഹൃദം ശക്തമായി. കെജ്‌രിവാളിന്റെ വലംകൈയ്യും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്ന അടുപ്പക്കാരനുമായി ബിഭാവ് മാറി.

2015ലാണ് ബിഭാവ് കുമാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നത്. 2020ല്‍ ആം ആദ്മി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ ബിഭാവ് കുമാറിന് വീണ്ടും അതേ പദവിയില്‍ പുനര്‍നിയമനം നല്‍കി. 2024 ഏപ്രില്‍ ബിഭാവ് കുമാറിനെ പദവിയില്‍ നിന്നും ഡല്‍ഹി വിജിലന്‍സ് ഡയറക്ടറേറ്റ് പിരിച്ചുവിട്ടിരുന്നു. കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് നിയമനത്തിന് മുമ്പ് അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് വകുപ്പ് കുമാറിനെ തല്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. നോയിഡ ഡെവലപ്മെന്റ് അതോറിറ്റിയില്‍ ജോലി ചെയ്യുന്ന മഹേഷ് പാല്‍ എന്നയാളാണ് 2007ല്‍ കുമാറിനെതിരെ ക്രിമിനല്‍ കേസ് നല്‍കിയത്. ഏപ്രില്‍ എട്ടിന് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി ബിഭാവ് കുമാറിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരം ബിഭാവ് കുമാറിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിരുന്നു.

നേരത്തെ ബിഭാവ് കുമാറിന് അനുവദിച്ചിരുന്ന ടൈപ്പ് 6 ബംഗ്ലാവ് റദ്ദാക്കണമെന്ന് വിജിലന്‍സ് പിഡബ്ല്യുഡിക്ക് ഉത്തരവ് നല്‍കിയിരുന്നു. ബിഭാവിന് ബംഗ്ലാവ് അനുവദിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു കണ്ടെത്തല്‍. മാര്‍ച്ച് 2021നായിരുന്നു ഡല്‍ഹിയിലെ സിവില്‍ ലൈന്‍ ഏരിയയിലെ ബംഗ്ലാവ് ബിഭാവ് കുമാറിന് അനുവദിച്ചത്. ആറ് മാസം മുമ്പാണ് ബംഗ്ലാവ് അനുവദിച്ചത് റദ്ദാക്കിക്കൊണ്ട് പിഡബ്ല്യുഡി ബിഭാവിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ബംഗ്ലാവ് ഒഴിയാന്‍ ബിഭാവ് തയ്യാറായിരുന്നില്ല. കഴിഞ്ഞമാസം വിജിലന്‍സ് ബിഭാവിനെ പദവിയില്‍ നിന്നും പുറത്താക്കിയയിന് പിന്നാലെ ഒരുമാസത്തിനകം ബംഗ്ലാവ് ഒഴിയാന്‍ പിഡബ്ല്യുഡി ബിഭാവിനോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com