'ടെമ്പോയില്‍ പണമെത്തിച്ചത് സ്വന്തം അനുഭവമാണോ,താങ്കള്‍ പേടിക്കരുത്'; മോദിക്ക് മറുപടിയുമായി രാഹുല്‍

തെലങ്കാനയില്‍ ബിജെപി റാലിയിലാണ് രാഹുലിനെ കടന്നാക്രമിച്ച് മോദി രംഗത്തെത്തിയത്.
'ടെമ്പോയില്‍ പണമെത്തിച്ചത് സ്വന്തം അനുഭവമാണോ,താങ്കള്‍ പേടിക്കരുത്'; മോദിക്ക് മറുപടിയുമായി രാഹുല്‍

ന്യൂഡല്‍ഹി: അംബാനിയും അദാനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന നരേന്ദ്രമോദിയുടെ ആരോപണത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി അദാനിയെയും അംബാനിയെയും കുറിച്ച് അടച്ചിട്ട മുറിയിലിരുന്നാണല്ലോ സാധാരണ സംസാരിക്കാറുള്ളത്. ഇതാദ്യമായിട്ടാണല്ലോ അവരെക്കുറിച്ച് പരസ്യമായി പറയുന്നതെന്ന് രാഹുല്‍ ചോദിച്ചു.

'താങ്കള്‍ അദാനിയെയും അംബാനിയെയും കുറിച്ച് അടച്ചിട്ട മുറിയിലിരുന്നാണല്ലോ സാധാരണ സംസാരിക്കാറുള്ളത്. ഇതാദ്യമായിട്ടാണല്ലോ അവരെക്കുറിച്ച് പരസ്യമായി പറയുന്നത്. അവര്‍ ടെമ്പോയില്‍ പണമെത്തിച്ചെന്ന് താങ്കള്‍ക്ക് എങ്ങനെയറിയാം? വ്യക്തിപരമായി താങ്കള്‍ക്ക് അനുഭവമുണ്ടോ? സിബിഐയെയോ ഇഡിയെയോ അവരുടെയടുത്തേക്ക് അയയ്ക്കാത്തത് എന്താണ്? താങ്കള്‍ പേടിക്കരുത്. പ്രധാനമന്ത്രി മോദി അവര്‍ക്ക് കൊടുത്ത പണം, അത്രയും തന്നെ ഇന്ത്യയിലെ പാവങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കും. 'മഹാലക്ഷ്മി യോജന'യും 'പെഹ്‌ലി നൗകരി യോജന'യും വഴി ഞങ്ങള്‍ നിരവധി ലക്ഷാധിപതികളെ ഉണ്ടാക്കും.' എക്‌സിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

തെലങ്കാനയില്‍ ബിജെപി റാലിയിലാണ് രാഹുലിനെ കടന്നാക്രമിച്ച് മോദി രംഗത്തെത്തിയത്. അംബാനിയും അദാനിയുമായി രാഹുല്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്നായിരുന്നു മോദി പറഞ്ഞത്. ഒത്തുതീര്‍പ്പുണ്ടാക്കിയതിനാലാണ് രാഹുല്‍ രണ്ടുപേരെക്കുറിച്ചും മിണ്ടാത്തത്. ടെമ്പോയില്‍ നോട്ട് കെട്ടുകള്‍ കിട്ടിയതുകൊണ്ടാണോ രാഹുല്‍ മിണ്ടാത്തതെന്നും മോദി ചോദിച്ചിരുന്നു.

മോദിയുടെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ എല്ലാ ദിവസവും അദാനിക്കെതിരെയും അംബാനിക്കെതിരെയും സംസാരിക്കാറുണ്ട്. മോദി അത് കേള്‍ക്കാത്തതായിരിക്കും. രാജ്യത്തിന്റെ സ്വത്ത് കോടീശ്വരന്മാര്‍ക്ക് നല്‍കുന്നത് ജനം കാണുന്നതിനാലാണ് രാഹുലിനെ വിമര്‍ശിച്ച് മോദി രക്ഷപ്പെടാന്‍ നോക്കുന്നതെന്നുമായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com