'കൊവാക്സിന്‍ സുരക്ഷിതം, പാര്‍ശ്വഫലങ്ങളുണ്ടാകില്ല'; പ്രതികരിച്ച് ഭാരത് ബയോടെക്

കൊവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് ഉത്പാദനക്കമ്പനിയായ ആസ്ട്രാസെനെക യുകെയിലെ കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ബയോടെക്കിന്റെ പ്രതികരണം
'കൊവാക്സിന്‍ സുരക്ഷിതം, പാര്‍ശ്വഫലങ്ങളുണ്ടാകില്ല'; പ്രതികരിച്ച് ഭാരത് ബയോടെക്

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിൻ സുരക്ഷിതമെന്ന് വ്യക്തമാക്കി നിർമ്മാതാക്കളായ ഭാരത് ബയോടെക്. സുരക്ഷയ്ക്കാണ് പ്രഥമ പരി​ഗണന നൽകിയതെന്നും ഭാരത് ബയോടെക് അറിയിച്ചു. കൊവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് ഉത്പാദനക്കമ്പനിയായ ആസ്ട്രാസെനെക യുകെയിലെ കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ബയോടെക് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിൽ ട്രയൽ നടത്തിയ ഒരേയൊരു കൊവിഡ് വാക്സിൻ കൊവാക്സിൻ ആണെന്നും വാക്സിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും ഭാരത് ബയോടെക്ക് പറഞ്ഞു. എക്സിലെ ഔദ്യോ​ഗിക അക്കൗണ്ടിലൂടെയാണ് ഭാരത് ബയോടെക്കിന്റെ ഈ പ്രഖ്യാപനം . ഇന്ത്യയിൽ ഏറ്റവും അധികം വിതരണം ചെയ്ത വാക്സിനുകളാണ് കൊവാസ്കിനും കൊവിഷീൽഡും. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കൊവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകള്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക വികസിപ്പിച്ചത്. ഇതു രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജെയ്മി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com