കേരളം,തമിഴ്‌നാട്, ആന്ധ്രപ്രദേശിലും ബിജെപിക്ക് പൂജ്യം സീറ്റ്;200 സീറ്റ് പോലും വെല്ലുവിളിയെന്ന് തരൂര്‍

നാനൂറില്‍ അധികം സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെയും തരൂര്‍ പരിഹസിച്ചു.
കേരളം,തമിഴ്‌നാട്, ആന്ധ്രപ്രദേശിലും ബിജെപിക്ക് പൂജ്യം സീറ്റ്;200 സീറ്റ് പോലും വെല്ലുവിളിയെന്ന് തരൂര്‍

ന്യൂഡല്‍ഹി: കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സ്ഥിതി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ദയനീയമായിരിക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനാകില്ല. ബിജെപി ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും ശശി തരൂര്‍ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

400ല്‍ അധികം സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെയും തരൂര്‍ പരിഹസിച്ചു. 300 സീറ്റ് പോലും അസാധ്യമാണ്. 200 സീറ്റ് നേടുന്നത് പോലും ബിജെപിക്ക് മുന്നില്‍ വെല്ലുവിളിയാണെന്നും തരൂര്‍ ആത്മവിശ്വാസം പങ്കുവെച്ചു. ഇതുവരെ വോട്ടെടുപ്പ് നടന്ന 190 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യങ്ങള്‍ ഉണ്ട്. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍ പോലും ഇത് കാണാന്‍ കഴിയുമെന്നും തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വ്യക്തമായ ഭൂരിപക്ഷത്തില്‍ താന്‍ നാലാം വിജയം ഉറപ്പിക്കുമെന്നും തരൂര്‍ പറഞ്ഞു. ഇന്‍ഡ്യ സഖ്യം എത്ര സീറ്റ് നേടുമെന്ന ചോദ്യത്തിന് ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ താന്‍ സ്‌കോറുകള്‍ പ്രവചിക്കുന്നില്ലെന്നും വിജയം മാത്രമെ പ്രവചിക്കൂ എന്നുമായിരുന്നു തരൂരിന്റെ മറുപടി. ഒറ്റ സീറ്റ് പോലും കിട്ടാതിരുന്ന ഹരിയാനയില്‍ ഇത്തവണ അഞ്ച് മുതല്‍ ഏഴ് വരെ സീറ്റും കര്‍ണ്ണാടകയില്‍ പത്ത് മുതല്‍ പതിനേഴ് വരെ സീറ്റും വരെ ലഭിക്കുമെന്നും തരൂര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com