യുപിയിലും നാളെ വിധിയെഴുത്ത്; യുവജനങ്ങളുടെയും രജപുത്രരുടെയും രോഷം ഏറ്റുവാങ്ങി ബിജെപി

നടി ഹേമമാലിനി, നടന്‍ അരുണ്‍ ഗോവില്‍, കോണ്‍ഗ്രസ് നേതാവ് ഡാനിഷ് അലി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍
യുപിയിലും നാളെ വിധിയെഴുത്ത്; യുവജനങ്ങളുടെയും രജപുത്രരുടെയും രോഷം ഏറ്റുവാങ്ങി ബിജെപി

ലഖ്നൌ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ എട്ടു ലോക്‌സഭ മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ രജപുത്ര സമുദായത്തിന്റെയും യുവജനങ്ങളുടെയും വികാരം ബിജെപിക്കെതിരെ നിലനില്‍ക്കുന്ന ഒരു സാഹചര്യമുണ്ട്. നടി ഹേമമാലിനി, നടന്‍ അരുണ്‍ ഗോവില്‍, കോണ്‍ഗ്രസ് നേതാവ് ഡാനിഷ് അലി തുടങ്ങിയവരാണ് ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖര്‍. അംരോഹ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

എസ്പിയും കോണ്‍ഗ്രസും ഇത്തവണ സഖ്യകക്ഷികളാണെങ്കിലും ആര്‍എല്‍ഡി ബിജെപിയുടെ പങ്കാളിയാണ്. ബിഎസ്പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ യുവാക്കള്‍ക്കിടയില്‍ ബിജെപ്പിക്കെതിരായ വികാരം ശക്തമായിരിക്കുകയാണ്. വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിലും മണ്ഡലങ്ങളില്‍ യുവാക്കളുടെ രോഷപ്രകടനങ്ങള്‍ ശക്തമായിരുന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴ് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ബിഎസ്പി- സമാജ്‌വാദി പാര്‍ട്ടി -ആര്‍എല്‍ഡി സംയുക്ത സ്ഥാനാര്‍ത്ഥിയായി അംരോഹ മണ്ഡലത്തില്‍ ജനവിധി തേടിയ ഡാനിഷ് അലി മാത്രമാണ് അന്ന് പ്രതിപക്ഷത്തില്‍ നിന്ന് വിജയിച്ച് കയറിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് രജപുത്ര സമുദായത്തിന്റെ പ്രതിഷേധത്തിന് കാരണം.

ബാഗ്പത് മണ്ഡലത്തില്‍ മുന്‍ എംഎല്‍എയും ബ്രാഹ്‌മണ നേതാവുമായ സമാജ്‌വാദി പാര്‍ട്ടിയുടെ അമര്‍പാല്‍ ശര്‍മയെ ബിജെപി ടിക്കറ്റില്‍ നേരിടുന്നത് ആര്‍എല്‍ഡിയിലെ രാജ്കുമാര്‍ സാങ്വാനാണ്. ഗുര്‍ജാര്‍ നേതാവ് പ്രവീണ്‍ ബെയിന്‍സ്ലയെ രംഗത്തിറക്കിയാണ് ബിഎസ്പി പോരാട്ടം. ആദ്യഘട്ടത്തിലെന്നപോലെ, ഈ ഘട്ടത്തിലും ഭരണകക്ഷിയായ ബിജെപിയോട് രജപുത്ര സമുദായം പരസ്യമായി രോഷം പ്രകടിപ്പിച്ച മൂന്ന് സീറ്റുകളുണ്ടായിരുന്നു. ഈ നീരസം മുതലെടുക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ശ്രമിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോകളിലൂടെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെയും യോഗി ആദിത്യനാഥിന്റെയും റാലികളിലൂടെയും രജപുത്ര സമുദായത്തിന്റെ രോഷം തണുപ്പിക്കാനായെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ഇതോടൊപ്പം, കരിമ്പിന്റെ വിലക്കയറ്റം, അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ശല്യം, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളും മീററ്റ്, ബാഗ്പത്, ബുലന്ദ്ഷഹര്‍ സീറ്റുകളില്‍ ബിജെപിക്ക് വെല്ലുവിളിയാണ്. മഥുരയില്‍, യമുനയുടെ ശുചീകരണവും മതപരമായ ടൂറിസത്തിന്റെ വികസനവും പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കലും ഉയര്‍ത്തിക്കാട്ടി ബിജെപി പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഫ്‌ലാറ്റുകളുടെ രജിസ്ട്രേഷന്‍, ഭൂമി ഏറ്റെടുക്കല്‍, നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കാലതാമസം തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നു. മൂന്ന് തവണ എംപിയായ രാജേന്ദ്ര അഗര്‍വാളിന് ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കി. ഏറെ കോലാഹലങ്ങള്‍ക്കൊടുവില്‍ ടിക്കറ്റ് ഉറപ്പിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട എസ്പിയുടെ സുനിത വര്‍മയെയും ബിഎസ്പിയുടെ ദേവവ്രത് കുമാര്‍ ത്യാഗിയെയുമാണ് അദ്ദേഹം നേരിടുന്നത്.

മഥുരയില്‍ നിന്ന് കഴിഞ്ഞ രണ്ട് തവണയും തിരഞ്ഞെടുക്കപ്പെട്ട നടി ഹേമ മാലിനിയാണ് ഇക്കുറിയും ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മുകേഷ് ധന്‍ഗറിനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായ ജാട്ട് വംശജനായ സുരേഷ് സിംഗിനാണ് ബിഎസ്പി ടിക്കറ്റ് നല്‍കിയത്. ഗൗതം ബുദ്ധ നഗറിലും ഗാസിയാബാദിലും 2019ലെ വിജയമാര്‍ജിന്‍ കണക്കിലെടുത്ത് ബിജെപിക്ക് നല്ല വിജയ പ്രതീക്ഷയാണ്. ഗാസിയാബാദില്‍ ബിജെപി വൈശ്യനായ അതുല്‍ ഗാര്‍ഗിനെ മത്സരിപ്പിച്ചപ്പോള്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി നന്ദ് കിഷോര്‍ പുണ്ഡീര്‍ എന്ന താക്കൂറും കോണ്‍ഗ്രസില്‍ ഡോളി ശര്‍മ്മയുമാണ് ജനവിധി തേടുന്നത്.

ഗൗതം ബുദ്ധ നഗറില്‍, മുന്‍ മന്ത്രിയും രണ്ട് തവണ എംപിയുമായ മുകേഷ് ശര്‍മ്മ ബിജെപി ടിക്കറ്റില്‍ വീണ്ടും ജനവിധി തേടുന്നു. എസ്പിയുടെ ഡോ മഹേന്ദ്ര നഗര്‍, ബിഎസ്പിയുടെ രാജേന്ദ്ര സോളങ്കി എന്നിവരാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. ബുലന്ദ്ഷഹറില്‍ ബിജെപിയുടെ സിറ്റിംഗ് എംപി ഭോല സിംഗ് മൂന്നാം തവണയും ജനവിധി തേടുന്നു. അദ്ദേഹത്തിന് ലോധ് സമുദായത്തിന്റെ പിന്തുണയുണ്ട്. അലിഗഢില്‍ ബിജെപിയുടെ സതീഷ് ഗൗതം, എസ്പിയുടെ ബിജേന്ദ്ര സിങ്, ബിഎസ്പിയുടെ ഹിതേന്ദ്ര ഉപാധ്യായ എന്നിവര്‍ തമ്മില്‍ ത്രിതല പോരാട്ടമാണ് നടക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com