പടിഞ്ഞാറൻ യുപിയിലെ മുസ്ലിം വോട്ടിൽ കണ്ണുവെച്ച് എസ്പി-കോണ്‍ഗ്രസ്‌ സഖ്യം; ജാട്ട് വോട്ട് ബിജെപി ലക്ഷ്യം

23 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് പടിഞ്ഞാറൻ യുപിയിലെ പലമണ്ഡലങ്ങളിലും മുസ്ലിം വോട്ടർമാർ
പടിഞ്ഞാറൻ യുപിയിലെ മുസ്ലിം വോട്ടിൽ കണ്ണുവെച്ച് എസ്പി-കോണ്‍ഗ്രസ്‌ സഖ്യം; ജാട്ട് വോട്ട് ബിജെപി ലക്ഷ്യം

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി 62 സീറ്റും സഖ്യകക്ഷിയായ അപ്നാ ദള്‍ (എസ്) രണ്ട് സീറ്റും നേടിയിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന്റെ വെല്ലുവിളി മറികടന്നായിരുന്നു ബിജെപി സഖ്യത്തിന്റെ വിജയം. സോണിയ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തില്‍ മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങി. 10 സീറ്റ് നേടിയ ബഹുജന്‍ സമാജ് പാര്‍ട്ടിയാണ് സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എസ് പിക്ക് ലഭിച്ചത് അഞ്ച് സീറ്റായിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ മുസ്ലീം സ്വാധീന മേഖലയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ സഖത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യം വ്യത്യസ്തമാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ജാട്ട് സമുദായത്തിന് മേല്‍ സ്വാധീനമുള്ള ആര്‍എല്‍ഡി ഇത്തവണ ബിജെപി ചേരിയിലാണ്. ബിഎസ്പി ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ സഖ്യത്തില്‍ മത്സരിക്കുന്ന എസ്പിക്കും കോണ്‍ഗ്രസിനും പടിഞ്ഞാറന്‍ യു പിയിലെ മുസ്ലിം സ്വാധീന മേഖലയില്‍ മുന്നേറ്റം നടത്താന്‍ കഴിയുമോ എന്നത് ഇരുപാര്‍ട്ടികളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്.

രാംപൂര്‍ (42 ശതമാനം), അംറോഹ (32 ശതമാനം), സഹറന്‍പൂര്‍ (30 ശതമാനം), ബിജ്നോര്‍, നാഗിന, മൊറാദാബാദ് (28 ശതമാനം വീതം. ), മുസാഫര്‍നഗര്‍ (27 ശതമാനം), കൈരാന, മീററ്റ് (23 ശതമാനം വീതം), സംഭാല്‍ (22 ശതമാനം) എന്നിവയാണ് പടിഞ്ഞാറന്‍ യുപിയില്‍ മുസ്ലീം ജനസംഖ്യ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്ന പ്രധാന ലോക്സഭാ മണ്ഡലങ്ങള്‍. ഇതിന് പുറമെ ബുലന്ദ്ഷഹര്‍, ബാഗ്പത്, അലിഗഡ് എന്നിവിടങ്ങളിലെ ജനസംഖ്യയുടെ 19 ശതമാനവും മുസ്ലീം വോട്ടര്‍മാരാണ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം-ദളിത് ആധിപത്യമുള്ള സഹറന്‍പൂര്‍, ബിജ്നോര്‍, നാഗിന, അംറോഹ സീറ്റുകളില്‍ ബിഎസ്പി വിജയിച്ചപ്പോള്‍ സഖ്യകക്ഷിയായ എസ്പി മൊറാദാബാദ്, രാംപൂര്‍, സംഭാല്‍ സീറ്റുകള്‍ നേടിയിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ ചില സീറ്റുകളില്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് നേട്ടമായിരുന്നു. മുസാഫര്‍നഗര്‍, കൈരാന, മീററ്റ്, ബുലന്ദ്ഷഹര്‍, ബാഗ്പത്, അലിഗഡ് ലോക്‌സഭാ സീറ്റുകളിലായിരുന്നു ബിജെപി വിജയം.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ ചിതറി പോകുന്നതിനെ പ്രതിരോധിക്കുക എന്നതാവും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. മുസ്ലീം വോട്ടര്‍മാരെ ഒറ്റക്കെട്ടായി നിലനിര്‍ത്തുക എന്നതാണ് ഇത്തവണ സമാജ്വാദി പാര്‍ട്ടിയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആര്‍എല്‍ഡിയുടെ ചുവട് മാറ്റം പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. എന്‍ഡിഎയുമായി ആര്‍എല്‍ഡി കൈകോര്‍ത്തതോടെ ഇതുവരെ അകന്ന് നിന്നിരുന്ന ജാട്ട് വോട്ടര്‍മാരുടെ പിന്തുണ ബിജെപിക്ക് അനുകൂലമാകുമെന്ന് നിരീക്ഷണങ്ങളുണ്ട്. പടിഞ്ഞാറന്‍ യുപിയില്‍ ഇതുവരെ ബിജെപി ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് പോലും ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടില്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയില്‍ മുസ്ലീം സമുദായത്തിന്റെ 10 ശതമാനത്തോളം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത്തവണ അത് 15 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുമായി ബന്ധമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിച്ച പാസ്മണ്ട മുസ്ലിം വിഭാഗത്തിന്റെ പിന്തുണ ഉറപ്പാണെന്നാണ് ബിജെപി കണക്കാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com