മുക്താര്‍ അന്‍സാരിയുടെ മൃതദേഹം സംസ്കരിച്ചു; ജനങ്ങൾ ഒഴുകിയെത്തി

ജയില്‍ശിക്ഷയിൽ കഴിയവേ മരിച്ച ഉത്തര്‍ പ്രദേശ് മുന്‍ എം എല്‍ എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മൃതദേഹം സംസ്‌കരിച്ചു
മുക്താര്‍ അന്‍സാരിയുടെ മൃതദേഹം സംസ്കരിച്ചു; ജനങ്ങൾ ഒഴുകിയെത്തി

ന്യൂഡല്‍ഹി: ജയില്‍ശിക്ഷയിൽ കഴിയവേ മരിച്ച ഉത്തര്‍ പ്രദേശ് മുന്‍ എം എല്‍ എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ജന്മദേശമായ ഗാസിപൂറിലെ മൊഹമ്മദാബാദിലെ കാലിബാഗ് ശ്മശാനത്തിലാണ് സംസ്കാരം നടന്നത്.

അന്‍സാരിയുടെ മാതാപിതാക്കളുടെ ശവകുടീരങ്ങള്‍ക്ക് സമീപമാണ് അദ്ദേഹത്തിന്റെയും മൃതദേഹം സംസ്‌കരിച്ചത്. മകന്‍ ഉമര്‍ അന്‍സാരിയും മറ്റ് കുടുംബാംഗങ്ങളും സാന്നിധ്യത്തിലായിരുന്നു ശവസംസ്‌കാരം നടന്നത്. ശനിയാഴ്‌ച്ച രാവിലെ 11 മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

പതിനായിരക്കണക്കിന് ആളുകളാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. സംസ്കാര ചടങ്ങിനെത്തിയവർ മുദ്രാവാക്യങ്ങളും മുഴക്കി. ഏറെ പണിപെട്ടാണ് പൊലീസ് ഇവരെ നിയന്ത്രിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ധസൈനിക വിഭാഗത്തെയും അന്‍സാരിയുടെ വീടിന് പരിസരത്തും ശ്മശാനത്തിന് സമീപത്തും വിന്യസിച്ചിരുന്നു. ജയിലിൽ വെച്ച് അബോധാവസ്ഥയിലായ അന്‍സാരിയെ വ്യാഴാഴ്ച വൈകിട്ടാണ് ബാന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . വെള്ളിയാഴ്ച വൈകിട്ടോടെ കനത്ത പോലീസ് സാന്നിധ്യത്തിലാണ് മൃതദേഹം അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചത്.

അഞ്ചുവട്ടം യു പി നിയമസഭാംഗമായിട്ടുണ്ട് അന്‍സാരി. മാവു മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഗാസിപുറിലും സമീപ ജില്ലകളിലും മാവുവിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജയിലിനുള്ളില്‍വെച്ച് കുറഞ്ഞ അളവില്‍, തുടര്‍ച്ചയായി വിഷം നല്‍കിയാണ് അന്‍സാരിയെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണെന്ന് സ്ഥിരീകരണം വന്നു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com