Live Update:അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; മനു അഭിഷേക് സിങ്‌വി ഹാജരാകും, ഹർജി നാളെ പരിഗണിക്കും

അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു
Live Update:അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; മനു അഭിഷേക് സിങ്‌വി ഹാജരാകും, ഹർജി നാളെ പരിഗണിക്കും

അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ന്യൂഡൽഹി: നിർണായക നീക്കങ്ങൾക്കൊടുവിൽ മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കെജ്‌രിവാളിന്റെ വീട്ടില്‍ സെർച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. കെജ്‌രിവാളിനെ നാളെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. ഇ ഡി ആസ്ഥാനത്ത് വൈദ്യപരിശോധന നടത്തും. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് രാത്രി തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്ന് എഎപി മന്ത്രി അതിഷി മാര്‍ലെന വ്യക്തമാക്കി. കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജയിലിലടച്ചാലും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരും

അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി. ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കെജ്‌രിവാള്‍ തുടരും. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ അഭിഭാഷകര്‍ കോടതിയിലേക്ക് എത്തുന്നു. രാത്രി തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അതിഷി വ്യക്തമാക്കി. 

അറസ്റ്റ് ഗൂഢാലോചന

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ആംആദ്മി പാര്‍ട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നിലിരിക്കെ അരവിന്ദ് കെജ്രിവാളിന്റെ തലകുനിപ്പിക്കാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്നും ആപ്പ് ആരോപിച്ചു.

ഇന്‍ഡ്യ മുന്നണി മറുപടി നല്‍കും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് ഇന്‍ഡ്യ മുന്നണി മറുപടി നല്‍കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യത്തെ നശിപ്പിക്കും.
മാധ്യമങ്ങളുള്‍പ്പെടെ എല്ലാം പിടിച്ചടക്കി. പാര്‍ട്ടികളെ തകര്‍ക്കുന്നു. കമ്പനികളില്‍ നിന്ന് പണം തട്ടുന്നു. മുഖ്യപ്രതിപക്ഷത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായി. എന്ത് ചെയ്തിട്ടും 'പൈശാചിക ശക്തി'ക്ക് മതിയാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇ ഡി നീക്കം ഭരണഘടനാ വിരുദ്ധം

കെജ് രിവാളിന്‍റെ അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിലെ ദയനീയ ദൃശ്യങ്ങളാണ് ഇത്. ഇഡിയുടെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. പ്രധാനമന്ത്രിക്കോ സർക്കാരിനോ ചേരുന്ന രാഷ്ട്രീയ പ്രവർത്തിയല്ലിതെന്നും പ്രിയങ്ക പറഞ്ഞു.

വിമർശകരോട് ധൈര്യത്തോടെ നേരിടുക. നയങ്ങളെയും പ്രവർത്തന ശൈലിയെയും വിമർശിക്കുക. അതാണ് ജനാധിപത്യം. ബിജെപി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അധികാരം ഉപയോഗിച്ച് ദുർബലപ്പെടുത്തുന്നു. ജനാധിപത്യത്തിൻ്റെ എല്ലാ തത്വങ്ങൾക്കും എതിരായ നീക്കങ്ങൾ നടത്തുന്നു. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും വരുതിയിലാക്കി. ഇഡി,സിബിഐ,ഐടി എന്നിവരെ സമ്മർദ്ദത്തിലാക്കുന്നു. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചെന്നും പ്രിയങ്ക പറഞ്ഞു.

ഇ ഡി നടപടിയെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. നേരത്തെ നിയമവിരുദ്ധമായ ഓര്‍ഡിനന്‍സിലൂടെ അദ്ദേഹത്തിന്റെ ഭരണപരമായ അധികാരങ്ങള്‍ തട്ടിയെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിമാരെയും പ്രമുഖ പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്താല്‍ ഇന്ത്യയില്‍ നീതിയുക്തമായ തിരഞ്ഞെടുപ്പ് എങ്ങനെ പ്രതീക്ഷിക്കാനാകും?

പ്രതിപക്ഷത്തെ ലക്ഷ്യം വെക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: ശരദ് പവാര്‍

പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. അധികാരത്തിനായി ബിജെപി എത്രത്തോളം പോകുമെന്ന് ഈ അറസ്റ്റ് കാണിക്കുന്നു. അരവിന്ദ് കെജ്രിവാളിനെതിരായ ഈ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ 'ഇന്‍ഡ്യ' ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ശരദ് പവാര്‍ പറഞ്ഞു.

കെജ്‍രിവാളിന്റെ ഹർജി ഇന്ന് അർധരാത്രി പരിഗണിക്കില്ല

കെജ്‍രിവാളിന്റെ അറസ്റ്റിനെതിരായ ഹർജി ഇന്ന് അർധരാത്രി പരിഗണിക്കില്ല. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. കെജ്‍രിവാളിനെ വീട്ടിൽ നിന്ന് ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയി.

കെജ്രിവാള്‍ ഉടന്‍ രാജിവെക്കണം: ബിജെപി

അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്നും ഉടന്‍ രാജിവെക്കണമെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍. ഈ ദിവസം ഡല്‍ഹിയിലെ മുഴുവന്‍ പൗരന്മാരും തൃപ്തരായിരിക്കും അഴിമതിയെ തുടച്ചുനീക്കലാണ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ സംഭവിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ബിജെപിക്ക് പരിഭ്രാന്തി: സീതാറാം യെച്ചൂരി

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജനങ്ങൾ തള്ളിക്കളഞ്ഞതിൽ പരിഭ്രാന്തിയിലാണെന്ന് യെച്ചൂരി പ്രതികരിച്ചു.

ബിജെപിയുടെ ധാർഷ്ട്യം  പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു: ഖാർഗെ

വിജയിക്കുമെന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്ന അഹങ്കാരികളായ ബിജെപി, തിരഞ്ഞെടുപ്പിന് മുമ്പ് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാര്‍ഗെ.

വിജയിക്കുമെന്ന യഥാർത്ഥ ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിൽ, ഭരണഘടനാ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കില്ലായിരുന്നുവെന്നും ഖാർഗെ പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ബിജെപി ഇതിനകം തന്നെ ഭയപ്പെട്ടിരിക്കുകയാണ്. ഈ പരിഭ്രാന്തി പ്രതിപക്ഷത്തിന് എല്ലാത്തരം പ്രശ്നങ്ങളും സൃഷ്ടിക്കുന്നുവെന്നതാണ് സത്യം. ഇത് മാറ്റത്തിനുള്ള സമയമാണ് എന്നും ഖാർഗെ കൂട്ടിച്ചേർത്തു.

അറസ്റ്റ് അത്യന്തം പ്രതിഷേധാർഹം: പിണറായി വിജയന്‍

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

എംഎല്‍എ അടക്കം 24 ആപ്പ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. എംഎല്‍എ അടക്കം 24 ഓളം ആപ്പ് പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തിലും പ്രതിഷേധം 

കെജ്രിവാളിന്റെ അറസ്റ്റില്‍ എറണാകുളത്തും തൃശൂരും ആപ്പ് പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചു.

അറസ്റ്റ് സ്വാഗതം ചെയ്ത് ബിജെപി

കെജ്രിവാളിന്റെ അറസ്റ്റ് സ്വാഗതം ചെയ്ത് ബിജെപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് രവിശങ്കര്‍ പ്രസാദ്. അഴിമതി തടയാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ജനാധിപത്യത്തെ പൈശാചിക ശക്തികളിൽ നിന്ന് സംരക്ഷിക്കണം: വി ഡി സതീശന്‍

നമ്മള്‍ കൂടുതൽ ജാഗ്രത പുലർത്തുകയും ജനാധിപത്യത്തെയും ഭരണഘടനയെയും പൈശാചിക ശക്തികളിൽ നിന്ന് സംരക്ഷിക്കുകയും വേണമെന്ന് വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതികരിച്ചത്.

കെജ്‌രിവാളിന് പകരമെത്താൻ സുനിത കെജ്‌രിവാൾ? ചർച്ചകൾ സജീവം

അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതിന് പിന്നാലെ ആം ആദ്മി പാർട്ടിക്കും ഡൽഹി സർക്കാരിനും മുന്നിൽ നേതൃത്വ പ്രതിസന്ധി ഒരു ചോദ്യമായി ഉയരുകയാണ്. കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാളിന്‍റെ പേരാണ് കാര്യമായി പരിഗണിക്കുന്നത്. കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ്‌രിവാളിൻ്റെ അഭാവത്തിൽ ഡൽഹി സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാർട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആപ്പ്

കെജ്രിവാളിന്റെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആപ്പ്. നാളെ 10 മണിക്ക് ആപ്പ് ആസ്ഥാനത്ത് എത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

കെജ്‌രിവാളിനെ ഇഡി ഓഫീസില്‍ എത്തിച്ചു.

കെജ്‌രിവാളിനെ ഇഡി ഓഫീസില്‍ എത്തിച്ചു. വന്‍ പൊലീസ് സന്നാഹത്തിലാണ് ഇ ഡി ഓഫീസില്‍ എത്തിച്ചത്. നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇ ഡി അറിയിച്ചു. ഉടന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

രാജി ലക്ഷ്യമിട്ട് ബിജെപി

കെജ്രിവാളിന്റെ രാജിക്ക് നിര്‍ദേശിക്കണമെന്ന് ലഫ്. ഗവര്‍ണര്‍ക്ക് ബിജെപി കത്ത് നല്‍കി. തുടര്‍ന്ന് ലഫ്. ഗവര്‍ണര്‍ നിയമോപദേശം തേടുകയാണ്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സിപിഐ എം പ്രകടനം തിരുവനന്തപുരത്ത്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐഎം. പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജൻസികൾ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നത് ഉറപ്പാണെന്ന് സിപിഐഎം പറഞ്ഞു.

ഇ ഡിയും സിബിഐയും ബിജെപിയുടെ പ്രധാന ഉപകരണങ്ങള്‍: കെ ടി രാമറാവു

ഇഡിയും സിബിഐയും ബിജെപിയുടെ കൈകളിലെ അടിച്ചമർത്തലിൻ്റെ പ്രധാന ഉപകരണമായി മാറിയിരിക്കുന്നുവെന്ന് കെ ടി രാമറാവു. രാഷ്ട്രീയ എതിരാളികളെ അടിസ്ഥാനമില്ലാതെ ലക്ഷ്യമിടുകയാണ്, രാഷ്ട്രീയ പകപോക്കൽ മാത്രമാണ് അവരുടെ ലക്ഷ്യമെന്നും കെ ടി രാമറാവു പറഞ്ഞു.

ജനാധിപത്യം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: ശശി തരൂര്‍

ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ ചേര്‍ത്തിട്ടുള്ള ജനാധിപത്യ തത്വങ്ങളോടുള്ള വഞ്ചനക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ സുപ്രിംകോടതിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് തരൂര്‍ പറഞ്ഞു.

രാജ്യത്തെ മോദി സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്നു: തേജസ്വി യാദവ്

ജനാധിപത്യപരമായി പ്രതിപക്ഷത്തെ നേരിടുന്നതിന് പകരം, അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാജ്യത്ത് എന്‍ഡിഎ സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ജനകീയ സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുന്നു. പഞങ്ങള്‍ ഭയപ്പെടുന്നവരല്ല, മറിച്ച് പോരാടി വിജയിക്കുന്നവരാണെന്നും തേജസ്വി നിലപാട് വ്യക്തമാക്കി.

അഭിഷേഖ് മനു സിങ്‍വി കെജ്‍രിവാളിനായി ഹാജരാകും 

ഇ ഡി വെറും കൈയ്യോടെ മടങ്ങിയെന്ന് ആപ്പ്

രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആംആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ വസതിയില്‍ നിന്നും ഇഡിക്ക് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ആപ്പ് നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ആകെ കണ്ടെടുത്ത 70,000 രൂപ തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാളിന്റെ അറസ്റ്റിനെ അപലപിച്ച് ബിആര്‍എസ്.

കെജ്രിവാളിന്റെ അറസ്റ്റ് കെട്ടിച്ചമച്ച കേസിലാണെന്ന് ബിആര്‍എസ് പ്രതികരിച്ചു. കെജ്രിവാളിന്റെ പഴയ ട്വീറ്റ് പങ്കുവെച്ചാണ് ബിആര്‍എസ് രംഗത്തെത്തിയത്.

കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യം അട്ടിമറിക്കാൻ: രമേശ് ചെന്നിത്തല

കെജ്‌രിവാളിൻ്റെ അറസ്റ്റോട് കൂടി ജനധിപത്യ രീതിയിൽ രാജ്യത്ത് തിരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത്. ആയിരം കോടി ഇലക്ട്രൽ ബോണ്ട് വഴി അഴുമതി നടത്തിയ ബി ജെ പി യാണ് അഴിമതി ആരോപണം ഉയർത്തി അർത്ഥരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യത്തിലെ അന്വേഷണ ഏജൻസികൾ ബിജെപിയുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിർഭാഗ്യകരം. തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബിജെപിക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബിജെപി സർക്കാർ ചരിത്രത്തിൽ ആദ്യമായി അഴിമതിക്കേസിൽ രാജ്യത്തെ ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്തത് തോൽവി മുന്നിൽ കണ്ട് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

അറസ്റ്റ് ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ: വി ഡി സതീശന്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നു. ഇന്‍ഡ്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞയാണിത്. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാന്‍ സദാ സജ്ജരായിരിക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കെജ്രിവാളിന്റെ അറസ്റ്റ് നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരം: എംഎ ബേബി

കെജ്രിവാളിന്റെ അറസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണെന്ന് എംഎ ബേബി. അറസ്റ്റിന് വേണ്ട നടപടികള്‍ നേരത്തേ തുടങ്ങിയിരുന്നു. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിന് രാജ്യത്ത് എന്തും ചെയ്യാം എന്ന നിലയിലായി. ഇത്ര പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നതിലുടെയുള്ള ലക്ഷ്യം എല്ലാവരെയും ഭയപ്പെടുത്തുക എന്നതാണ്. നരേന്ദ്ര മോദി ഇന്ത്യന്‍ ഹിറ്റ്‌ലറാണ്. ഹിറ്റ്ലറിന്റെ വഴിയേ പോകുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അന്ത്യദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും എംഎ ബേബി പറഞ്ഞു.

logo
Reporter Live
www.reporterlive.com