'ഡിഎംകെയും കോൺഗ്രസും ഹിന്ദുക്കളെ അവഹേളിക്കുന്നു'; 'ശക്തി' പരാമർശത്തിൽ രാഹുലിനെതിരെ വീണ്ടും മോദി

ഓരോ വോട്ടും ബിജെപി-എൻഡിഎയ്ക്ക് നൽകുമെന്ന് തമിഴ്‌നാട് തീരുമാനിച്ചതായി നരേന്ദ്ര മോദി
'ഡിഎംകെയും കോൺഗ്രസും ഹിന്ദുക്കളെ അവഹേളിക്കുന്നു'; 'ശക്തി' പരാമർശത്തിൽ രാഹുലിനെതിരെ വീണ്ടും മോദി

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കള്‍ ഹിന്ദു ധര്‍മ്മത്തെ ബോധപൂര്‍വ്വം അവഹേളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതത്തിനെതിരായ അവരുടെ ഓരോ അവഹേളനവും നന്നായി ചിന്തിച്ച് നടത്തുന്നതാണെന്നും മോദി പറഞ്ഞു. ഏപ്രിൽ 19ന് ഓരോ വോട്ടും ബിജെപി-എൻഡിഎയ്ക്ക് നൽകുമെന്ന് തമിഴ്‌നാട് തീരുമാനിച്ചതായി സേലത്ത് നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

'ഇന്‍ഡ്യ സഖ്യകക്ഷികള്‍ ഹിന്ദുമതത്തെ ആവര്‍ത്തിച്ച് ബോധപൂര്‍വം അവഹേളിക്കുന്നു. അവര്‍ ഹിന്ദുമതത്തിനെതിരെ നടത്തുന്ന ഓരോ പ്രസ്താവനയും വളരെ നന്നായി ചിന്തിച്ച് നടത്തുന്നതാണ്! ഡിഎംകെയും കോണ്‍ഗ്രസും ഉൾപ്പെടുന്ന ഇന്‍ഡ്യ സഖ്യം മറ്റൊരു മതത്തെയും അവഹേളിക്കുന്നില്ല. ഒരു വാക്കുപോലും അവര്‍ പറയുന്നില്ല. ഹിന്ദു മതത്തിന്റെ കാര്യം വരുമ്പോള്‍ അധിക്ഷേപിക്കാനും അപമാനിക്കാനും ലഭിക്കുന്ന ഒരു അവസരവും അവര്‍ ഉപേക്ഷിക്കുന്നില്ല', മോദി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 'ശക്തി' പരാമര്‍ശത്തിലും മോദി വീണ്ടും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതേയുള്ളൂ, ആദ്യ റാലിയില്‍ തന്നെ ഇന്ത്യന്‍ സഖ്യത്തിന്റെ പദ്ധതികള്‍ വെളിപ്പെടുത്തിയെന്നും മോദി പറഞ്ഞു. മുംബൈയില്‍ നടന്ന ആദ്യ റാലിയില്‍ അവര്‍ ശക്തിയെ നശിപ്പിക്കുന്നതിനെക്കുറിച്ചും ശക്തിക്കെതിരെ പോരാടുന്നതിനെക്കുറിച്ചും പ്രസ്താവനകള്‍ നടത്തിയെന്നും മോദി പറഞ്ഞു. അവരുടെ പ്രസ്താവന ഹിന്ദു മതത്തെയും ഹിന്ദു വിശ്വാസത്തെയും അവഹേളിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ കാഞ്ചി കാമാക്ഷി 'ശക്തി'യാണ്, മധുരൈ മീനാക്ഷി 'ശക്തി'യാണ്...ഇതിനെ നശിപ്പിക്കുമെന്ന് കോണ്‍ഗ്രസും ഡിഎംകെയും ഇന്ത്യന്‍ സഖ്യവും പറയുന്നു. ഹിന്ദു ധര്‍മ്മത്തില്‍ 'ശക്തി' എന്നാല്‍ മാതൃ ശക്തി, നാരീ ശക്തി എന്നാണ്,' പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളോട് ഇന്‍ഡ്യ സംഖ്യത്തിന്റെ പെരുമാറ്റ രീതിയ്ക്ക് എല്ലാവരും സാക്ഷിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡിഎംകെയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ഇന്‍ഡ്യ സഖ്യം സ്ത്രീകളോട് ചെയ്യുന്ന പെരുമാറ്റത്തിന് നിങ്ങളെല്ലാം സാക്ഷികളാണ്. മുന്‍ സംസ്ഥാന മുഖ്യമന്ത്രി ജെ ജയലളിത ജീവിച്ചിരുന്നപ്പോള്‍ ഡിഎംകെ നേതാക്കള്‍ അവരോട് എങ്ങനെ പെരുമാറിയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇതാണ് ഡിഎംകെയുടെ യഥാര്‍ത്ഥ മുഖം, ഡിഎംകെയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഡിഎംകെയും കോണ്‍ഗ്രസും അര്‍ത്ഥമാക്കുന്നത് വന്‍ അഴിമതിയും കുടുംബവാഴ്ചയുമാണ്. രാജ്യം കോണ്‍ഗ്രസിനെ ഒഴിവാക്കിയപ്പോള്‍ രാജ്യം 5ജി സാങ്കേതികവിദ്യയിലെത്തി. എന്നാല്‍ തമിഴ്നാട്ടില്‍ ഡിഎംകെ സ്വന്തം 5ജി-വണ്‍ പ്രവര്‍ത്തിപ്പിക്കുന്നു. കുടുംബത്തിന്റെ അഞ്ചാം തലമുറ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ്', മോദി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com