രാഹുല്‍ ഗാന്ധി ശരിയായ പാതയിലാണ്,പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നു;ലാലു പ്രസാദ് യാദവ്

സര്‍ക്കാരിനെ കടപുഴക്കാനായി അവര്‍ കാത്തിരിക്കുകയാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
രാഹുല്‍ ഗാന്ധി ശരിയായ പാതയിലാണ്,പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നു;ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: നരേന്ദ്രമോദി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ദേഷ്യത്തില്‍ ഒരു വ്യത്യാസവും വന്നിട്ടില്ലെന്നും അവര്‍ എങ്ങോട്ടും കൂറുമാറിയിട്ടില്ലെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ദ വയറിന് നൽകിയ അഭിമുഖത്തില്‍ ഇന്‍ഡ്യ മുന്നണിയില്‍ നിന്ന് നിതീഷ് കുമാറടക്കമുള്ള നേതാക്കളും പാര്‍ട്ടികളും കൂറുമാറിയതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി അവരുടെ ഏറ്റവും വലിയ പരാജയം നേരിടും. മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. സര്‍ക്കാരിനെ കടപുഴക്കാനായി അവര്‍ കാത്തിരിക്കുകയാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

സ്ഥിരമായി കൂറുമാറുന്നയാളാണ് നിതീഷ് കുമാര്‍. ആ ശീലത്തിന് അടിമപ്പെട്ടയാളാണ്. ജനങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കും. വലിയ ശിക്ഷ നല്‍കുകയും ചെയ്യുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

നിതീഷ് പോയതോടെ ബിഹാറിലെ ഇന്‍ഡ്യ മുന്നണിക്ക് പുതുശ്വാസം ലഭിച്ചു. അദ്ദേഹമുള്ള ഏത് മുന്നണിയ്ക്കും സ്ഥിരമായി ആശങ്കയുണ്ടാവും. സാമൂഹ്യ നീതിയിലും മതേതരത്വത്തിലും വെള്ളം ചേര്‍ക്കാത്ത കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും ഒപ്പം ഞങ്ങളുണ്ടാവും. സംസ്ഥാനത്ത് ബിജെപിയെ നേരിടാനുള്ള പൊതുപദ്ധതിയുണ്ടാക്കുന്നതിലോ സീറ്റ് വിഭജനത്തിലോ യാതൊരു പ്രശ്‌നവും ഇല്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

രാഹുല്‍ ഗാന്ധി ജനങ്ങളെ ഉണര്‍ത്തി. ഭാരത് ജോഡോ ന്യായ് യാത്രയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മക്കെതിരെ സംസാരിക്കുന്നു. പാവങ്ങളുടെ ചെലവില്‍ വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ബിജെപി നിലപാടിനെതിരെ, കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുന്നതിന് വേണ്ടി, ജാതി സെന്‍സസിന് വേണ്ടി, സര്‍ക്കാര്‍ ജോലികളില്‍ പിന്നോക്കകാര്‍ക്കും ദളിതുകള്‍ക്കും കൂടുതല്‍ സംവരണം നല്‍കുന്നതിന് വേണ്ടി, വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി രാഹുല്‍ സംസാരിക്കുന്നു. പക്ഷെ മാധ്യമങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നതിന് പകരം ആര്‍എസ്എസ്-ബിജെപി ഭാഗം പറയുകയാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

രാഹുല്‍ ജനങ്ങളിലേക്കെത്തുന്നു. അവരുടെ ആശങ്കകളും ബുദ്ധിമുട്ടുകളും പങ്കുവെക്കുന്നു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്താണോ അതാണദ്ദേഹം ചെയ്യുനുന്നത്. അദ്ദേഹം ശരിയായ പാതയിലാണെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com