കർഷക പ്രതിഷേധം; പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സംഘർഷം; കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

ശംഭുവിന് പുറമെ ജിന്തിലും സംഘർഷമുണ്ടായി

dot image

ചണ്ഡീഗഡ്: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരും പൊലീസും തമ്മിൽ സംഘർഷം. ശംഭുവിൽ കർഷകർ പാലത്തിൻ്റെ ബാരിക്കേഡുകൾ തകർത്തു. പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡ് പാലത്തിൽ നിന്നും വലിച്ചെറിഞ്ഞു. ശംഭുവിന് പുറമെ ജിന്തിലും സംഘർഷമുണ്ടായി. പഞ്ചാബ്-ഹരിയാന അതിർത്തി ജിന്തിൽ കർഷകരും ഹരിയാന പൊലീസും തമ്മിൽ ഏറ്റുമുട്ടി.

ഇതിന് പിന്നാലെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കാഴ്ച അസാധ്യമാക്കുന്ന വിധത്തില് പുക ഉയരുന്നതും പ്രതിഷേധിക്കുന്ന കര്ഷകരും മാധ്യമപ്രവര്ത്തകരും ഓടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില് വ്യക്തമാണ്. ടിയര് ഗ്യാസ് ഷെല്ലുകള് പൊട്ടുന്നതിന്റെ ശബ്ദവും ദൃശ്യങ്ങളില് വ്യക്തമാണ്. ഹരിയാനയിലെ കുരുക്ഷേത്രയിലും കർഷകർ ബാരിക്കേഡുകൾ തള്ളി നീക്കി. കൂടുതൽ കർഷകർ പഞ്ചാബ് -ഹരിയാന അതിർത്തിയിലേക്ക് നീങ്ങുകയാണ്. ഹരിയാനയിലെയും പഞ്ചാബിലെയും ഉത്തര്പ്രദേശിലെയും 200ഓളം സംഘടനകളും ഒരു ലക്ഷത്തോളം കര്ഷകരും സമരത്തിന്റെ ഭാഗമായി ഡല്ഹിയിലേയ്ക്ക് മാര്ച്ച് ചെയ്യുന്നുണ്ട്.

പ്രതിഷേധ മാര്ച്ച് മുന്നോട്ട് പോകാന് അനുവദിക്കില്ലെന്ന നിലപാടാണ് തുടക്കം മുതൽ പൊലീസ് സ്വീകരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തിരുന്നു. ട്രാക്ടറുകളും പിടിച്ചെടുത്തു. ശംഭു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടറിൻ്റെ ടയറുകൾ ലക്ഷ്യമിട്ട് റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. 

രാവിലെ പഞ്ചാബില് നിന്നാണ് കര്ഷകരുടെ മാര്ച്ച് ആരംഭിച്ചത്. ട്രാക്ക്ടറില് ആറുമാസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഉള്പ്പടെയാണ് കര്ഷകര് മാര്ച്ചിന് എത്തിയിരിക്കുന്നത്. മാര്ച്ച് എവിടെവെച്ച് തടയുന്നോ അവിടെ കുത്തിയിരുന്ന് ടെന്റടിച്ച് പ്രതിഷേധിക്കുമെന്നാണ് കര്ഷകര് സ്വീകരിച്ചിരിക്കുന്ന നിലപാട്. ദില്ലിയിലേക്കാണ് മാര്ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image