പഞ്ചാബിലും ചണ്ഡീഗഡിലും 'ഇൻഡ്യ' സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

പഞ്ചാബിലെ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്

dot image

ന്യൂഡൽഹി: ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പുതിയ പ്രഖ്യാപനം. പഞ്ചാബിലും ചണ്ഡീഗഡിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പഞ്ചാബിലെ 13 സീറ്റിലും ചണ്ഡീഗഡിലെ ഒരു സീറ്റിലും എഎപി മത്സരിക്കുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പഞ്ചാബിലെ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. "ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളിൽ നടക്കും. പഞ്ചാബിൽ 13 സീറ്റുകളും ചണ്ഡീഗഢിൽ ഒരു സീറ്റും ഉണ്ട്. 10-15 ദിവസത്തിനുള്ളിൽ എഎപി 14 സീറ്റുകളിലേക്കും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 14 സീറ്റുകളും എഎപി നേടുമെന്ന് ഉറപ്പാക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'', കെജ്രിവാൾ പറഞ്ഞു.

ഇൻഡ്യ സഖ്യ തീരുമാനത്തിന് കാത്തില്ല; അസമിൽ മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി

സഖ്യരൂപീകരണം മുതൽതന്നെ എഎപി-കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇൻഡ്യ മുന്നണി സീറ്റ് വിഭജനത്തിന് കാത്ത് നിൽക്കാതെ അസമിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് സീറ്റുകളിലേക്കാണ് അവിടെ ആം ആദ്മി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ദിബ്രുഗഡ്, ഗുവാഹത്തി, സോനിത്പൂർ എന്നീ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇൻഡ്യ സഖ്യം ഈ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആം ആദ്മി പാർട്ടി അഭിപ്രായപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image