ഉത്തരാഖണ്ഡിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ

സംഘർഷത്തെ തുടർന്ന് പ്രദേശത്ത് അക്രമകാരികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവിറക്കി
ഉത്തരാഖണ്ഡിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 250ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് അക്രമകാരികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്. പ്രദേശത്ത് ഇൻ്റർനെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൻഭൂൽപുരയിലെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട മദ്രസ പൊളിച്ച് മാറ്റാനുള്ള നീക്കമാണ് സംഘർഷങ്ങൾക്ക് കാരണമായത്. ജെസിബി മെഷീൻ പ്രവർത്തിപ്പിക്കാൻ തുടങ്ങിയപ്പോൾ ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.

സംഘർഷത്തിൽ പൊലീസുകാർക്ക് പുറമെ നിരവധി ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ആക്രമണം ആരംഭിച്ചതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെയാണ് അക്രമം സംഘർഷമായി മാറിയത്. പൊലീസ് സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ആൾക്കൂട്ടം തീയിട്ടു. പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സാധാരണ നില നിലനിർത്താൻ കലാപകാരികളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് മുഖ്യമന്ത്രിയെ അറിയിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘം അനധികൃത കെട്ടിടം പൊളിക്കാന്‍ പോയതെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കുന്നത്. 'സാമൂഹിക വിരുദ്ധര്‍ പോലീസുമായി ഏറ്റുമുട്ടി. പൊലീസിന്റെയും കേന്ദ്ര സേനയുടെയും അധിക കമ്പനികളെ അവിടേക്ക് അയക്കുന്നുണ്ട്. സമാധാനം നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. കര്‍ഫ്യൂ നിലവിലുണ്ട്. തീയിട്ട കലാപകാരികള്‍ക്കും കയ്യേറ്റക്കാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കു'മെന്നാണ് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്രസയും നമാസ് സൈറ്റും പൂര്‍ണമായും നിയമവിരുദ്ധമാണെന്നാണ് മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായ പറഞ്ഞു. സമീപത്തെ മൂന്നേക്കര്‍ സ്ഥലം നഗരസഭ നേരത്തെ ഏറ്റെടുക്കുകയും അനധികൃത മദ്രസയും നമസ്‌കാര സ്ഥലവും സീല്‍ ചെയ്യുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com