ചെംപയ് സോറൻ സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പ്; പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി

കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കസ്റ്റഡിയാണ് ഹേമന്ത് സോറൻ
ചെംപയ് സോറൻ സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പ്; പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി

റാഞ്ചി: ജാര്‍ഖണ്ഡില്‍ തിങ്കളാഴ്ച നടക്കുന്ന ചംപയ് സോറൻ സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി. റാഞ്ചി പ്രത്യേക കോടതിയാണ് അനുമതി നൽകിയത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി തേടി ഹേമന്ത് സോറനാണ് റാഞ്ചി കോടതിയെ സമീപിച്ചത്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കസ്റ്റഡിയിലാണ് ഹേമന്ത് സോറൻ.

ഗവർണറെ കണ്ട് രാജിക്കത്ത് നൽകിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാവും ഗതാഗത മന്ത്രിയുമായ ചെംപയ് സോറനെ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തന്നെ ചെംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പത്ത് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചെംപയ് സോറനോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഫെബ്രുവരി അഞ്ചിന് വിശ്വാസം തേടാൻ ചെംപയ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അട്ടിമറി ഭയന്ന് ജെഎംഎമ്മിൻ്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിലെ 39 എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. പ്രതിരോധ ഭൂമി ഇടപാട്, കൽക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് ഹേമന്ത് സോറൻ നൽകിയ ഹർജിയിൽ ഇടപെടാൻ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയും ഭരണഘടന കോടതിയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപടേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹർജി. നടപടിക്രമങ്ങൾ ലംഘിച്ചാണ് അറസ്റ്റ് എന്നായിരുന്നു ഹേമന്ദ് സോറന് വേണ്ടി ഹാജരായ കപിൽ സിബലിൻ്റെ പ്രധാന വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com