ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; ജില്ലാ കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ ഇല്ല

ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; ജില്ലാ കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ ഇല്ല

ഇടക്കാല ഉത്തരവ് വേണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജികളില്‍ ഭേദഗതി വരുത്താന്‍ മസ്ജിദ് കമ്മിറ്റിക്ക് ഫെബ്രുവരി ആറുവരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അലഹബാദ്: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ഹിന്ദുക്കൾക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് സ്‌റ്റേയില്ല. ഹിന്ദു വിഭാ​ഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് വേണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജികളില്‍ ഭേദഗതിവരുത്താന്‍ മസ്ജിദ് കമ്മിറ്റിക്ക് ഫെബ്രുവരി ആറുവരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചുള്ള, ജനുവരി 17ലെ ഉത്തരവാണ് മസ്ജിദ് കമ്മിറ്റി ആദ്യം ചോദ്യംചെയ്യേണ്ടതെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് പറഞ്ഞു. ആ ഉത്തരവ് എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ലെന്ന് കോടതി മസ്ജിദ് കമ്മിറ്റി അഭിഭാഷകനോട് ചോദിച്ചു. അതിനെയും ചോദ്യം ചെയ്യുമെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ജനുവരി 31-ലെ ഉത്തരവ് വേ​ഗത്തിലായിരുന്നു. ഈ ഉത്തരവ് വന്നയുടന്‍ ജില്ലാ മജിസ്ട്രേറ്റ് രാത്രി ഒരുക്കങ്ങള്‍ നടത്തി ഒമ്പത് മണിക്കൂറിനുള്ളില്‍ പൂജ തുടങ്ങിയെന്നും അഭിഭാഷകന്‍ മറുപടി നല്‍കി.

വിഷയത്തിൽ മസ്ജിദ് കമ്മിറ്റി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഉടന്‍ കേള്‍ക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് അലഹാബാദ് ഹൈക്കോടതിയില്‍ മസ്ജിദ് കമ്മിറ്റി അപേക്ഷ നല്‍കിയത്.

ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിക്കൊണ്ട് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടത്. കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെ ഗ്യാൻവാപിയിൽ ഹൈന്ദവ വിഭാ​ഗം പൂജ ന‌ടത്തിയിരുന്നു. ​ഗ്യാൻവാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകൾ മറച്ചു. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ ​ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ​ഗ്യാൻവാപി മസ്ജിദ് എന്നായിരുന്നു സൂചന ബോർഡിലുണ്ടായിരുന്നത്. ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് കോടതി അനുമതി നൽകിയത്.

ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; ജില്ലാ കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ ഇല്ല
​ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നീതി നടപ്പിലാക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

logo
Reporter Live
www.reporterlive.com