സീറ്റ് ധാരണ തകർത്തത് കോൺഗ്രസ്; സിപിഐഎമ്മുമായി സഹകരിക്കാതിരുന്നാല്‍ സീറ്റ് നൽകുന്നത് ആലോചിക്കാം; മമത

ബിജെപിയെ നേരിടാൻ കഴിയുന്ന പാർട്ടി തൃണമൂലൽ കോൺഗ്രസ് മാത്രം
സീറ്റ് ധാരണ തകർത്തത് കോൺഗ്രസ്; സിപിഐഎമ്മുമായി സഹകരിക്കാതിരുന്നാല്‍ സീറ്റ് നൽകുന്നത് ആലോചിക്കാം; മമത

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇൻഡ്യ സഖ്യത്തെ പ്രതിരോധത്തിലാക്കി വീണ്ടും മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ ലോക്സഭ സീറ്റ് വിഭജനം തകർത്തത് കോൺഗ്രസാണ്. സിപിഐഎമ്മുമായി സഹകരിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്ന കാര്യം ആലോചിക്കാമെന്നും മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി രമ്യതയിൽ പോകാനുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ നീക്കങ്ങൾക്കിടെയാണ് മമതയുടെ പ്രതികരണം. കോൺഗ്രസിനെതിരെ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുന്ന നിലയിലായിരുന്നു മമതയുടെ പ്രതികരണം. കോണ്‍ഗ്രസിന് നിയമസഭയില്‍ ഒറ്റ എംഎല്‍എ പോലുമില്ല. പാര്‍ലമെന്റിലേക്ക് രണ്ട് സീറ്റ് നല്‍കാമെന്നും അവിടെ വിജയം ഉറപ്പിക്കാമെന്നും താൻ പറഞ്ഞു. എന്നാൽ സീറ്റ് വിഭജനം തകർത്തത് കോൺഗ്രസാണ്. ബിജെപിയെ നേരിടാൻ കഴിയുന്ന പാർട്ടി തൃണമൂലൽ കോൺഗ്രസ് മാത്രമാണെന്നും മമത ബാനർജി അവകാശപ്പെട്ടു.

പശ്ചിമ ബംഗാളിൽ സിപിഐഎം ബന്ധം അവസാനിപ്പിച്ചാൽ മാത്രമേ കോൺഗ്രസുമായി ഇനി സഖ്യത്തിൽ മത്സരിക്കു എന്നും മമത വ്യക്തമാക്കി. കേന്ദ്ര സർക്കാരിനും വിലക്കയറ്റത്തിനും എതിരെ മാൽഡയിൽ മമത ബാനർജി മഹാറാലി നടത്തി.

ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ബംഗാളിൽ രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർന്നത് കല്ലേറ് കൊണ്ടാകാം എന്ന അധിർ രഞ്ജൻ ചൗധരിയുടെ നിലപാട് വിവാദമായിട്ടുണ്ട്. ബംഗാളിലെ ഭാലുകയിൽ വെച്ചാണ് ചില്ല് തകർന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പിടിച്ചിരുന്ന വലിയ കയർ തട്ടിയാണ് ചില്ല് തകർന്നതെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. ന്യായ് യാത്രക്ക് മാൾഡയിലും മുർഷിദാബാദിലും പൊതു സമ്മേളനത്തിനും ബെർഹാംപൂരിൽ രാത്രി താമസത്തിനും ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതും ചർച്ചയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com