തൃഷയ്ക്കും ഖുശ്ബുവിനും എതിരെ കോടതിയില്‍ പോയ മന്‍സൂര്‍ അലി ഖാന് തിരിച്ചടി; ഒരു ലക്ഷം രൂപ അടക്കണം

നടന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
തൃഷയ്ക്കും ഖുശ്ബുവിനും എതിരെ കോടതിയില്‍ പോയ മന്‍സൂര്‍ അലി ഖാന് തിരിച്ചടി; ഒരു ലക്ഷം രൂപ അടക്കണം

ചെന്നൈ: നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷയ്ക്കും ഖുശ്ബുവിനും എതിരെ കോടതിയെ സമീപിച്ച മന്‍സൂര്‍ അലി ഖാന് തിരിച്ചടി. മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ നടന് പിഴ ചുമത്തി. പിഴത്തുക രണ്ടാഴ്ചക്കകം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കാനും ഉത്തരവിട്ടു.

കേസ് കോടതി തള്ളി. ഒരു കോടി രൂപയാണ് മന്‍സൂര്‍ അലി ഖാന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രശസ്തിക്കു വേണ്ടിയാണ് നടന്‍ കേസുമായി സമീപിച്ചതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. നടന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

'ലിയോ'യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.

പിന്നാലെയാണ് ചിരഞ്ജീവിയും ഖുശ്ബുവും ഉള്‍പ്പടെയുള്ളവര്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മന്‍സൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും ലൈംഗിക വൈകൃതമായേ അതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകള്‍ക്കും ഒപ്പമാണ് താനെന്നുമാണ് ചിരഞ്ജീവി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.

തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഒരാഴ്ചയിലധികമായി തന്റെ സമാധാനം തകര്‍ത്തുവെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിച്ചിരുന്നു. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കള്‍ക്കെതിരെ യഥാര്‍ത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടിരുന്നു. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്‍സൂര്‍ അലി ഖാന്‍ കോടതിയിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com