തെളിവുകളില്ലാതെയാണ് നടപടി; മടങ്ങി വരും, കങ്കാരു കോടതിയുടെ അവസാനം കാണുമെന്നും മഹുവ മൊയ്ത്ര

പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്

dot image

ന്യൂഡല്ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് മഹുവ മൊയ്ത്ര. തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തത്. തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.

'ബിജെപി ജനാധിപത്യത്തെ കൊന്നു, ഈ യുദ്ധത്തിൽ മഹുവ വിജയിക്കും'; പ്രതികരിച്ച് മമതാ ബാനർജി

അദാനിയുടെ 30,000 കോടി അഴിമതിക്കെതിരെ എന്തു നടപടിയാണ് സിബിഐ എടുത്തതെന്നും മഹുവ ചോദിച്ചു. 'ഡാനിഷ് അലിക്കെതിരായ രമേഷ് ബിധൂരിയുടെ പരാമർശത്തിൽ നടപടികളൊന്നുമെടുത്തില്ല. എന്നെ പുറത്താക്കാൻ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങൾക്ക് അദാനി എത്ര വേണ്ടപ്പെട്ടവനാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു'- മഹുവ പറഞ്ഞു . ഒപ്പം നിന്ന ഇൻഡ്യ മുന്നണിക്ക് മഹുവ മൊയ്ത്ര നന്ദി രേഖപ്പെടുത്തി.

എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ട് തിരിച്ചടിയായി; മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

'ഒരു വനിത എംപിയെ നിശബ്ദയാക്കാൻ നിങ്ങൾ ഏതറ്റം വരെ പോകുമെന്ന് നടപടികൾ വ്യക്തമാക്കുന്നു. നാളെ എന്റെ വീട്ടിലേക്ക് സിബിഐയെ പറഞ്ഞയക്കുമെന്ന് ഉറപ്പാണ്. അടുത്ത ആറുമാസം എന്നെ ദ്രോഹിക്കുന്നത് തുടരും'- മഹുവ മൊയ്ത്ര പറഞ്ഞു. ബിജെപി ന്യൂനപക്ഷത്തെയും സ്ത്രീകളെയും വെറുക്കുന്നുവെന്നും മഹുവ മൊയ്ത്ര വിമർശിച്ചു. 'എനിക്കെതിരായ നടപടി കമ്മിറ്റിയുടെ അധികാരത്തിന് പുറത്താണ്. ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്. തിരിച്ചുവരും, നിങ്ങളുടെ അവസാനം കാണും'- മഹുവ കൂട്ടിച്ചേര്ത്തു.

പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. മഹുവ മൊയ്ത്രക്ക് സംസാരിക്കാൻ അനുമതി നൽകണം എന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. മഹുവയെ സംസാരിക്കാൻ അനുവദിക്കണമെന്ന് അധിർ രഞ്ജൻ ചൗധരിയും ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. നടപടിയെടുക്കുമ്പോൾ സ്വാഭാവിക നീതി ഉറപ്പാക്കണമെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ ആവശ്യം.

സോണിയ ഗാന്ധി കർണാടകയിൽ നിന്ന് ലോക്സഭയിലേക്ക്..?; സൂചന നൽകി കോൺഗ്രസ്

സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ എത്തിക്ക്സ് കമ്മിറ്റി ലംഘിച്ചു എന്ന് മനീഷ് തിവാരിയും ചൂണ്ടിക്കാണിച്ചു. മഹുവയെ സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നപ്പോഴൊക്കെ ബിജെപി അംഗങ്ങൾ ബഹളം വെച്ചു. സഭയിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചർച്ച നടക്കുകയാണ്. ആരുടെയും കുറ്റം തെളിയിക്കാൻ വിചാരണ ഇവിടെ നടക്കുന്നില്ല. സ്വാഭാവിക നീതിയെ സംബന്ധിച്ച ചർച്ച നടക്കേണ്ടത് കമ്മിറ്റിയിൽ ആണ് എന്ന നിലപാടായിരുന്നു സഭയിൽ സ്പീക്കർ ഓം ബിർള സ്വീകരിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് സഭയ്ക്ക് പുറത്ത് മഹുവയെ പുറത്താക്കിയതിൽ പ്രതിപക്ഷം പ്രതിഷേധവും സംഘടിപ്പിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന ഗുരുതര പരാമർശങ്ങളോടെയാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സഭയുടെ പരിഗണനയ്ക്ക് വന്നത്. വിപുലമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പരാമർമുണ്ട്.

dot image
To advertise here,contact us
dot image