
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍ണ്ണായക ചുവടുവെപ്പുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകള്‍ എടുത്തുമാറ്റി. ഹൈദരാബാദിലെ പ്രഗതിഭവനിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചുകൊണ്ട് സ്ഥാപിച്ച ബാരിക്കേഡുകളാണ് നീക്കികൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്നതാണ് പ്രഗതി ഭവന്‍. കഴിഞ്ഞ ദശാബ്ദക്കാലമായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകളാണ് ഇപ്പോള്‍ നീക്കം ചെയ്യുന്നത്.
മുഖ്യമന്ത്രി ജനങ്ങള്‍ക്ക് പ്രാപ്യനാണെന്ന സന്ദേശം നല്‍കുന്നതിനാണ് നടപടിയെന്ന് രേവന്ത് റെഡ്ഡി പ്രതികരിച്ചു. മുഖ്യമന്ത്രിമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായാണ് നടപടി. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് പ്രഗതി ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാന്‍ അവസരം ഉണ്ടാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഗതിഭവനെ അംബേദ്കര്‍ പ്രജാഭവന്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പ്രജാഭവന്റെയും സെക്രട്ടേറിയറ്റിന്റെയും വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിടുമെന്നുമായിരുന്നു രേവന്തിന്റെ വാഗ്ദാനം.
തെലങ്കാനയെ നയിക്കാന്‍ രേവന്ത് റെഡ്ഡി; അധികാരമേറ്റുവന് ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ചാണ് രേവന്ത് റെഡ്ഡി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.