പ്രതിസന്ധികളെ തരണം ചെയ്യാൻ തയാർ; തൊഴിലാളികൾക്കടുത്തെത്താൻ ശ്രമിക്കുന്നു: എൻ‌ഡി‌ആർ‌എഫ് സംഘം

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്
പ്രതിസന്ധികളെ തരണം ചെയ്യാൻ തയാർ; തൊഴിലാളികൾക്കടുത്തെത്താൻ ശ്രമിക്കുന്നു: എൻ‌ഡി‌ആർ‌എഫ് സംഘം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നവംബർ 12 മുതൽ 40 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളെ രക്ഷിക്കുന്നതിന് തടസ്സമാകുന്ന ഏത് പ്രതിസന്ധികളെയും മറികടക്കാൻ തങ്ങൾ തയ്യാറാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എൻ‌ഡി‌ആർ‌എഫ്) പറഞ്ഞു. ഓഗർ മെഷീന്റെ സഹായത്തോടെ 900 മിമീ വ്യാസമുള്ള പൈപ്പ് ടണൽ സൈറ്റിൽ സ്ഥാപിക്കുകയാണെന്ന് ദുരന്തനിവാരണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

“ഞങ്ങൾക്ക് ഇവിടെ രണ്ട് ടീമുകളുണ്ട്. കട്ടിംഗ് ഉപകരണങ്ങളുണ്ട്. ഓക്സി കട്ടിംഗ് മെഷീനുകളും ലഭ്യമാണ്. എത്രയും വേഗം തൊഴിലാളികൾക്കടുത്തെത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്'', എൻ‌ഡി‌ആർ‌എഫ് സെക്കൻഡ്-ഇൻ-കമാൻഡ് രവിശങ്കർ ബധാനി പറഞ്ഞു. ഡ്രില്ലിങ് മെഷീൻ നന്നായി പ്രവർത്തിച്ചാൽ രണ്ടുദിവസത്തിനകം ഉത്തരാഖണ്ഡിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കടുത്ത്‌ രക്ഷാപ്രവർത്തകർക്ക് എത്താനാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.

ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നത്. ഇതോടെ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. തായ്‌ലൻഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്‍ത്തനത്തിനുള്ളത്.

ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണ് തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com