
ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും ഹിന്ദുത്വ കാർഡിറക്കി ബിജെപി. രാമക്ഷേത്രത്തിന്റെ ചിത്രം വെച്ച് പ്രചാരണം നടത്താൻ കോൺഗ്രസിന് ആകുമോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ. ഭരണവിരുദ്ധ വികാരം ഇല്ലെന്നും ചരിത്ര ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ വരുമെന്നും മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ റിപ്പോർട്ടറിനോട് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ചിത്രം വെച്ച പോസ്റ്ററുകൾ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ഭോപ്പാലിൽ ഉടനീളം ബിജെപി സ്ഥാപിച്ചിരുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെ പോസ്റ്ററുകൾ പിൻവലിച്ചു. എന്നാൽ പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയതോടെ രാമക്ഷേത്രവിഷയം വീണ്ടും സജീവമാക്കുകയാണ് പാർട്ടി.
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മധ്യപ്രദേശിൽ നിന്നുള്ളവരെ രാമക്ഷേത്രത്തിൽ തീർഥാടനത്തിന് കൊണ്ടുപോകുമെന്ന് അമിത് ഷാ ഇന്നലെ റാലിയിൽ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകൾ. വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ വരുമെന്ന് വി ഡി ശർമ്മ റിപ്പോർട്ടറിനോട് പറഞ്ഞു.