വിദേശനാണയ വിനിമയചട്ടം ലംഘിച്ച കേസ്; രാജസ്ഥാൻ മുഖ്യമന്ത്രിയുടെ മകനെ ഇ ഡി ചോദ്യം ചെയ്യുന്നു

വിദേശനാണയ വിനിമയചട്ടം ലംഘിച്ച കേസ്; രാജസ്ഥാൻ മുഖ്യമന്ത്രിയുടെ മകനെ ഇ ഡി ചോദ്യം ചെയ്യുന്നു

'കേന്ദ്ര ഏജൻസികളിൽ ഇപ്പോൾ വിശ്വാസ്യതയില്ല. ഇത് ആശങ്കാജനകമായ സാഹചര്യമാണ്'

ജയ്പൂർ: വിദേശനാണയ വിനിമയചട്ടം ലംഘിച്ചെന്ന കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഡൽഹി ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇ ഡിയുടെ നടപടി രാഷ്ട്രീയ വേട്ടയാടലാണെന്ന് കോൺഗ്രസ് പറഞ്ഞു.

ഡൽഹിയിലോ ജയ്പൂരിലോ ഉളള ഇ ഡി ഓഫീസിലെത്താൻ വൈഭവ് ഗെഹ്‌ലോട്ടിനോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ശിവ് ശങ്കർ ശർമ്മ, രത്തൻ കാന്ത് ശർമ്മ എന്നിവരുടെ രാജസ്ഥാൻ ബന്ധമുളള ഹോസ്പിറ്റാലിറ്റി ​ഗ്രൂപ്പായ ട്രൈറ്റൺ ഹോട്ടൽ ആൻഡ് റിസോർട്സ്, വർദ എൻന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. 1.2 കോടി രൂപ റെയ്ഡിൽ ഇ ഡി പിടിച്ചെടുത്തത്. ട്രൈറ്റൺ ​ഗ്രൂപ്പില്‍ 2007-2008 കാലഘട്ടത്തിൽ മൗറീഷ്യസ് സ്ഥാപനത്തിൽ നിന്ന് നിക്ഷേപം ലഭിച്ചതായി ആരോപിക്കപ്പെടുന്നു.

ഇതിന്റെ ഭാ​ഗമായാണ് വൈഭവ് ഗെഹ്‌ലോട്ടിന്റെ ചോദ്യം ചെയ്യൽ. രത്തൻ കാന്ത് ശർമ്മയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വൈഭവ് ഗെഹ്‌ലോട്ടിനെ ഇഡി ചോദ്യം ചെയ്യുന്നത്. എന്നാൽ മകനെതിരെ ഉയർന്ന ആരോപണം അശോക് ​ഗെഹ്‌ലോട്ട് തളളി. 'വൈഭവ് ഗെഹ്‌ലോട്ടിന് ഒരു ടാക്സി കമ്പനി മാത്രമാണ് ഉളളത്. രത്തൻ കാന്ത് ശർമ്മ അതിൽ പങ്കാളിയായിരുന്നു. എന്നാൽ അവർ ഇപ്പോൾ ഒരുമിച്ച് അല്ല ജോലി ചെയ്യുന്നത്. വൈഭവിന് വിദേശനാണ്യ ഇടപാടുകളൊന്നുമില്ല,' അശോക് ​ഗെഹ്‌ലോട്ട് പറഞ്ഞു.

ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ദുരുപയോഗം മൂലം കേന്ദ്ര ഏജൻസികൾക്ക് വിശ്വാസ്യത നഷ്ടപ്പെട്ടതായി രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. 'കേന്ദ്ര ഏജൻസികളിൽ ഇപ്പോൾ വിശ്വാസ്യതയില്ല. ഇത് ആശങ്കാജനകമായ സാഹചര്യമാണ്. ഇത് എന്റെ മകന്റെയോ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റിന്റെയോ കാര്യമല്ല. അവർ രാജ്യത്ത് ഭീകരത പടർത്തി,' എന്നും അശോക് ​ഗെഹ്‌ലോട്ട് പറഞ്ഞു.

logo
Reporter Live
www.reporterlive.com