ലാലു പ്രസാദ് യാദവിന്റെ ജീവിതം സിനിമയാകുന്നു; ബോളിവുഡില്‍ നിന്ന് താരങ്ങളെത്തും

അടുത്ത വർഷം സിനിമ പുറത്തിറക്കുമെന്നാണ് വിവരം
ലാലു പ്രസാദ് യാദവിന്റെ ജീവിതം സിനിമയാകുന്നു; ബോളിവുഡില്‍ നിന്ന് താരങ്ങളെത്തും

പട്ന: ആർജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ സിനിമയാകുന്നു. പ്രകാശ് ഝാ നിർമിക്കുന്ന സിനിമയ്ക്കായി ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പണം മുടക്കുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെ അറിയപ്പെടാത്ത പല കാര്യങ്ങളും ചലച്ചിത്രത്തിലുണ്ടാകും.

പാർട്ടിയുമായി ബന്ധപ്പെട്ട അടുത്തവൃത്തമാണ് വിവരം പുറത്തുവിട്ടത്. ലാലു സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് അഞ്ചാറു മാസമായെന്നും തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണ് ചലച്ചിത്ര പ്രവർത്തകരെന്നുമാണ് റിപ്പോർട്ട്. അടുത്ത വർഷം സിനിമ പുറത്തിറക്കാനാണ് ശ്രമം. അഭിനേതാക്കളെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഹിന്ദി സിനിമയിൽ നിന്നുള്ളവരാകും അഭിനേതാക്കളിൽ കൂടുതലുമെന്നാണ് ലഭിക്കുന്ന വിവരം.

ലാലു പ്രസാദ് യാദവിന്റെ ജീവചരിത്ര സിനിമയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. 2020 ഫെബ്രുവരിയിൽ 'ലാൽട്ടൻ' എന്ന പേരിൽ ബയോപിക് പുറത്തിറങ്ങുമെന്ന് നേരത്തെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഭോജ്പുരി നടൻ യാഷ് കുമാർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com