
കൊൽക്കത്ത: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി തൃണമൂൽ കോൺഗ്രസിന് സൗഹൃദപരമായ സീറ്റ് വിഭജനം സാധ്യമാകില്ലെന്ന് വിലയിരുത്തൽ. ബംഗാളിൽ തങ്ങളെയാണോ അതോ സിപിഐഎമ്മിനേയോ പങ്കാളിയായി തിരഞ്ഞെടുക്കുന്നതെന്ന് ചോദിച്ച് കോൺഗ്രസുമായി സംസാരിക്കാന് ദൂതന്മാരെ അയക്കാന് തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്ന് പാര്ട്ടി വൃത്തങ്ങൾ പറഞ്ഞു.
പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ലോക്സഭാംഗവുമായ അഭിഷേക് ബാനർജിയെ സംസ്ഥാന കോൺഗ്രസ് ലക്ഷ്യമിടുന്നതിൽ തൃണമൂൽ കോൺഗ്രസ് അസ്വസ്ഥരാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനെ തുടർന്ന് അഭിഷേക് ബാനർജിക്ക് സെപ്റ്റംബർ 13 ന് നടന്ന ഇൻഡ്യ മുന്നണിയുടെ ഏകോപന സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അടക്കമുളള ഇൻഡ്യ മുന്നണിയുടെ മറ്റ് നേതാക്കന്മാർ അഭിഷേക് ബാനർജിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന കോൺഗ്രസിലെ നേതാക്കന്മാർ സിപിഐഎം നേതാക്കന്മാരെ പോലെ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടിരിക്കുകയാണ്. സിപിഐഎമ്മിന് അത് രാഷ്ട്രീയ നിർബന്ധമാണെന്ന് കരുതാം. എന്നാൽ എന്തിനാണ് കോൺഗ്രസ് അങ്ങനെ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ബംഗാളിൽ സിപിഐഎമ്മിനൊപ്പം നിൽക്കണോ അതോ തൃണമൂലിനൊപ്പം നിൽക്കണമോ എന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വം തീരുമാനിക്കണമെന്നും തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ആവശ്യപ്പെട്ടു.
സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഇടതുപക്ഷത്തോട് ഏതൊരു തരത്തിലുളള ചർച്ചയ്ക്കും ഒരുക്കമല്ലെന്ന തീരുമാനത്തിലാണ് തൃണമൂൽ കോൺഗ്രസ്. 42 ലോക്സഭാ സീറ്റുകളിൽ എത്ര സീറ്റുകൾ തൃണമൂൽ കോൺഗ്രസിന് വേണമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും. മിച്ചമുളള സീറ്റുകൾ സിപിഐഎമ്മുമായി എങ്ങനെ വിഭജിക്കണമെന്ന് കോൺഗ്രസിന് തീരുമാനിക്കാമെന്നാണ് തൃണമൂല് നിലപാട്.