'വാര്‍ത്തയില്‍ പിഴവ് പറ്റിയാലുടന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് കേസെടുക്കുമോ?' സുപ്രീംകോടതി

എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ കേസിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി തടഞ്ഞു
'വാര്‍ത്തയില്‍ പിഴവ് പറ്റിയാലുടന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന്  കേസെടുക്കുമോ?' സുപ്രീംകോടതി

തിരുവനന്തപുരം: എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി. മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞത് നീട്ടി. എഡിറ്റേഴ്സ് ഗില്‍ഡിന്റെ ഹര്‍ജിയിലാണ് നടപടി. വാര്‍ത്തയില്‍ പിഴവ് പറ്റിയാലുടന്‍ കേസെടുക്കുമോയെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

എഡിറ്റേഴ്സ് ഗില്‍ഡ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോടും മറ്റ് എതിര്‍ കക്ഷികളോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് ഉള്‍പ്പടെയുള്ള എല്ലാ നടപടികളും തടഞ്ഞ ഉത്തരവ് ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്നത് വരെ നീട്ടി. ഹര്‍ജി സെപ്തംബര്‍ 29ന് വീണ്ടും പരിഗണിക്കും.

മണിപ്പൂരിലെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്ത കൊടുത്തുവെന്ന എഡിറ്റേഴ്‌സ് ഗില്‍ഡ് വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടാണ് കേസിനാധാരം. റിപ്പോര്‍ട്ട് തള്ളിയ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കലാപത്തിന് പ്രേരണ നല്‍കുന്നതാണ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ട് എന്ന് കാട്ടിയാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മെയ്‌തെയ് വിഭാഗത്തിന് അനുകൂലമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അസം റൈഫിള്‍സിനെ ലക്ഷ്യം വെച്ചുള്ള നിരവധി വ്യാജ വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു. സേനക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന വാര്‍ത്തകളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞിരുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതായും എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.

കുക്കികളെ കുറിച്ചുളള വാര്‍ത്തകള്‍ വളച്ചൊടിക്കുകയും മെയ്‌തെയ് വിഭാഗത്തിന്റെ വാര്‍ത്തകള്‍ മറച്ചുവെക്കുകയുമൊക്കെ ചെയ്‌തെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴു വയസുള്ള കുക്കി ബാലനെ മെയ്‌തെയ് ആള്‍ക്കൂട്ടം ആക്രമിച്ച വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയെയും അമ്മയെയും ആംബുലന്‍സില്‍ ജീവനോടെ കത്തിച്ചതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയില്‍ മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ചികിത്സ നല്‍കി എന്ന വാര്‍ത്ത പല മാധ്യമങ്ങളും പുറത്തുവിട്ടു. ഗ്വാള്‍ട്ടബിയിലെ ഒരു ക്ഷേത്രം കുക്കി മിലിറ്റന്റുകള്‍ അശുദ്ധമാക്കിയെന്ന വാര്‍ത്തയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com