
ന്യൂഡല്ഹി: ഇന്ഡ്യ മുന്നണി കോര്ഡിനേഷന് കമ്മിറ്റിയുടെ ആദ്യയോഗം ഇന്ന് ഡല്ഹിയില് ചേരും. വൈകിട്ട് നാല് മണിക്ക് എന്സിപി അധ്യക്ഷന് ശരത് പവാറിന്റെ വസതിയില് വച്ചാണ് യോഗം. പൊതു സ്ഥാനാര്ത്ഥി, പ്രചാരണം, റാലികള് അടക്കമുള്ള കാര്യങ്ങള് കമ്മിറ്റി ചര്ച്ച ചെയ്യും.
14 അംഗ കമ്മിറ്റിയിലെ തൃണമൂല് കോണ്ഗ്രസ് പ്രതിനിധി അഭിഷേക് ബാനര്ജി അധ്യാപക നിയമന അഴിമതി കേസില് ഇ ഡി ചോദ്യം ചെയ്യുന്നതിനാല് മീറ്റിങ്ങില് പങ്കെടുക്കില്ല. കോഡിനേഷന് കമ്മിറ്റി യോഗ ദിവസം തന്നെ ഇ ഡി വിളിപ്പിച്ചത് ഇന്ഡ്യ മുന്നണിയെ ദുര്ബലപ്പെടുത്താന് ഉള്ള നീക്കം ആണെന്ന് ടിഎംസി ആരോപിച്ചു. അടുത്ത പി ബി യോഗത്തിലെ കമ്മറ്റിയിലേക്കുള്ള അംഗത്തെ തിരഞ്ഞെടുക്കും എന്നതിനാല് സിപിഐഎം പ്രതിനിധിയും ഉണ്ടാകില്ല.
സീറ്റ് പങ്കിടല് ചര്ച്ചകളും പ്രചാരണ തന്ത്രങ്ങളും ഇന്നത്തെ കോര്ഡിനേഷന് കമ്മിറ്റി ചര്ച്ച ചെയ്യും. സീറ്റ് വിഭജന ഫോര്മുല വൈകരുതെന്ന ആവശ്യം നേരത്തെ മുതല് മുന്നണിയിലെ ചില പാര്ട്ടികള് നിര്ദേശിച്ചിരുന്നു.
കെ സി വേണുഗോപാല് (കോണ്ഗ്രസ്), ശരദ് പവാര് (എന്സിപി), ടി ആര് ബാല (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്ജെഡി), അഭിഷേക് ബാനര്ജി (തൃണമൂല് കോണ്ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്ട്ടി), ജാവേദ് അലി ഖാന് (സമാജ്വാദി പാര്ട്ടി), ലലന് സിംഗ് (ജെഡിയു), ഹേമന്ദ് സോറന് (ജെഎംഎം), ഡി രാജ (സിപിഐ), ഒമര് അബ്ദുള്ള (നാഷണല് കോണ്ഫറന്സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്.