
ഹൈദരാബാദ്: ടിഡിപി നേതാവും മുന് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. വിജയവാഡയിലെ മെട്രോപൊളിറ്റന് മജിസ്ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം നിഷേധിച്ചു. 14 ദിവസത്തെ ജൂഡീഷ്യല് റിമാന്ഡില് വിട്ടു. 409 വകുപ്പ് ചുമത്തി, പൊതുപ്രവര്ത്തകനെന്ന നിലയില് കുറ്റകരമായ വിശ്വാസ വഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവയ്ക്കുകയായിരുന്നു.
രാജമണ്ട്രി ജയിലിലേക്ക് ആയിരിക്കും നായിഡുവിനെ മാറ്റുക. ഉടന് ഹൈക്കോടതിയെ സമീപിക്കാനാണ് ടിഡിപിയുടെ തീരുമാനം. ടിഡിപി അഭിഭാഷകന് സിദ്ധാര്ഥ് ലുത്ര ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും. അര്ദ്ധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് തീരുമാനം. സംസ്ഥാനമാകെ കനത്ത പൊലീസ് സുരക്ഷയിലാണ്.
പത്ത് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് ചന്ദ്ര ബാബു നായിഡുവിനെ കോടതിയില് ഹാജരാക്കിയത്. 371 കോടിയുടെ ആന്ധ്ര നൈപുണ്യ വികസന പദ്ധതി അഴിമതി കേസില് ഇന്നലെ പുലര്ച്ചെയാണ് ചന്ദ്ര ബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുന്നത്.
അറസ്റ്റില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ടിഡിപി പ്രവര്ത്തകര് പ്രതിഷേധം സംഘടിപ്പിച്ചു. ചിലയിടങ്ങളില് പൊലീസും പ്രവര്ത്തകരും തമ്മില് സംഘര്ഷമുണ്ടായി. അറസ്റ്റിനെ രൂക്ഷമായി വിമര്ശിച്ച് ജനസേന പാര്ട്ടി നേതാവും നടനുമായ പവന് കല്ല്യാണ് രംഗത്തെത്തി. രാഷ്ട്രീയ വൈരാഗ്യം തീര്ക്കലാണെന്ന് പവന് കല്ല്യാണ് ആരോപിച്ചു. യാതൊരു തെളിവുമില്ലാതെയാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഈ സര്ക്കാര് ജനസേന പാര്ട്ടിയോട് എന്താണ് ചെയ്തതെന്ന് നിങ്ങള് എല്ലാവരും കണ്ടതാണെന്നും ചന്ദ്ര ബാബു നായിഡുവിന്റെ അറസ്റ്റിനെ അപലപിച്ച് പവന് കല്ല്യാണ് പറഞ്ഞു. തുടര്ന്ന് റോഡില് ഇറങ്ങി പ്രതിഷേധിച്ച പവന് കല്ല്യാണിന്റെ വാഹനം പൊലീസ് തടയുന്ന സാഹചര്യമുണ്ടായി.