ട്രാൻസ്‌ജെൻഡേഴ്‌സിന് സംവരണം അനുവദിക്കണമെന്ന് ഹർജി; സർക്കാരുകൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

മലയാളിയായ ട്രാൻസ്ജെൻഡർ സുബി കെ സി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി
ട്രാൻസ്‌ജെൻഡേഴ്‌സിന് സംവരണം അനുവദിക്കണമെന്ന് ഹർജി; സർക്കാരുകൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള ട്രാന്‍സ്ജെന്‍ഡേഴ്‌സിന് സംസ്ഥാനത്ത് ജോലികളില്‍ സംവരണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രതികരണം തേടി കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ആർട്ടിക്കിൾ 14, 19, 21 പ്രകാരം സർക്കാർ ജോലികളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് സംസ്ഥാനത്തിന് കീഴിൽ സംവരണത്തിന് അർഹതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മലയാളിയായ ട്രാൻസ്ജെൻഡർ സുബി കെ സി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ട്രാൻസ്‌ജെൻഡർ സമൂഹം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പരിതാപകരമായ സാഹചര്യങ്ങളോടെ പിന്നാക്കാവസ്ഥയിലാണെന്ന് പരാമർശിക്കുന്ന വിവിധ പഠനങ്ങൾ സുബി കെ സി ചൂണ്ടിക്കാട്ടി. സംവരണത്തിനുള്ള വ്യവസ്ഥകൾ നടപ്പിലാക്കികൊണ്ട് ഈ തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ അംഗീകരിക്കുന്നതിന് വഴിയൊരുക്കിയ 2014 ലെ സുപ്രീം കോടതിയുടെ നൽസ vs യൂണിയൻ ഓഫ് ഇന്ത്യയുടെ വിധിയും സുബി കെ സി ഹർജിയിൽ ചൂണ്ടിക്കാട്ടി.

കേസിൽ സുപ്രീം കോടതിയുടെ വിധി ഇന്ത്യൻ ഭരണഘടനയുടെ 141-ാം അനുച്ഛേദം അനുസരിച്ചാണ്. വിധിയെ തുടർന്ന് ട്രാൻസ്‌ജെൻഡർ ഗ്രൂപ്പ് ഓഫ് പേഴ്സൺസിന് സംവരണ വ്യവസ്ഥകൾ ഏർപ്പെടുത്താൻ സുപ്രീം കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ട്രാൻസ്‌ജെൻഡേഴ്‌സിന് മതിയായ പരിശീലനത്തിന്റെയും നൈപുണ്യ തൊഴിൽ പരിപാടികളുടെയും അഭാവം ഉയർത്തിക്കാട്ടുന്ന യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി (യുഎൻഡിപി) സഹകരിച്ച് പ്രവർത്തിക്കുന്ന നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ട് ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചതായും ഹർജിയിൽ പറയുന്നു. ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) നിയമം, 2019 ട്രാൻസ്‌ജെൻഡർ പേഴ്‌സൺസിന് വിവിധ അവകാശങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ അവർക്ക് വിദ്യാഭ്യാസത്തിലോ ജോലിയിലോ സംവരണം നൽകുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്. പൊതു തൊഴിലിൽ സംവരണം നടപ്പാക്കുന്നതിനായി വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ച നിരവധി റിട്ട് ഹർജികളും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ട്രാൻസ്‌ജെൻഡർ പേഴ്‌സൺസിന് സംവരണം ഉറപ്പാക്കാൻ കൃത്യമായ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com