ഭീമ കൊറേഗാവ് കേസ്; വെർണൻ ഗോൺസാൽവസിനും അരുൺ ഫെരേരിയക്കും ജാമ്യം

അനിരുദ്ധ ബോസ്, സുധാന്‍ശു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി
ഭീമ കൊറേഗാവ് കേസ്; വെർണൻ ഗോൺസാൽവസിനും അരുൺ ഫെരേരിയക്കും ജാമ്യം

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ പ്രതികളായ എൽഗർ പരിഷത്ത് അംഗങ്ങളായ വെർണൻ ഗോൺസാൽവസിനും അരുൺ ഫെരേരിയക്കും ജാമ്യം നൽകി സുപ്രീംകോടതി. ‌അഞ്ച് വർഷത്തിലേറെയായി ഇവർ കസ്റ്റഡിയിൽ കഴിയുന്നത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മുംബൈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലില്‍ അനിരുദ്ധ ബോസ്, സുധാന്‍ശു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഇവർക്കെതിരായ ആരോപണങ്ങൾ ​ഗൗരവമുളളതാണ്. എന്നാൽ ഇത് ജാമ്യം നിഷേധിക്കാനും വിചാരണ വരെ തടങ്കലിൽ തുടരുന്നതിനെ ന്യായീകരിക്കാനുമുള്ള ഒരേയൊരു കാരണമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വിചാരണ കോടതിയുടെ അനുമതി ഇല്ലാതെ രണ്ട് പേരും മഹാരാഷ്ട്ര വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. രണ്ട് പേരും പാസ്‌പോര്‍ട്ട് എന്‍ഐഎയ്ക്ക് നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ പ്രതികള്‍ ഉപയോഗിക്കാവൂ. രണ്ട് പേരുടെയും മൊബൈല്‍ ഫോണ്‍ എപ്പോഴും ആക്ടീവ് ആയിരിക്കണമെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.

വെര്‍ണന്‍ ഗോണ്‍സാല്‍വസും അരുണ്‍ ഫെരേരിയയും ഫോണിന്റെ ലൊക്കേഷന്‍ സ്റ്റാറ്റസ് ഓണ്‍ ചെയ്ത് വയ്ക്കണം. ഇത് എന്‍ഐഎയുടെ അന്വേഷണ ഉദ്യോഗസ്ഥന് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയിലായിരിക്കണം. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമാണ് ഉപാധി.

വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും 2018 ആ​ഗസ്റ്റിലാണ് അറസ്റ്റിലാവുന്നത്. യുഎപിഎ പ്രകാരം കേസെടുത്ത ഇരുവരുടേയും ജാമ്യേപേക്ഷ 2021 ഡിസംബറിൽ മുംബൈ ഹൈക്കോടതി തളളിയിരുന്നു. യുഎപിഎ പ്രകാരം കേസ് എടുക്കുന്നതിനുളള തെളിവുകളൊന്നും കുറ്റാരോപിതരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇരുവരുടേയും അഭിഭാഷകർ വാദിച്ചു.

2017 ഡിസംബറിൽ പൂനെയിലെ ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിന് സമീപം പൊട്ടിപ്പുറപ്പെട്ട കലാപത്തിലാണ് വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും അറസ്റ്റിലാകുന്നത്. സംഭവത്തിന് ഉത്തരവാദികൾ വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും മറ്റ് 14 പേരുമാണെന്ന് ദേശീയ അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com