Top

'കരോഗെ യാദ്...'; ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ ഭൂപീന്ദർ സിംഗ് അന്തരിച്ചു

എഴുപതുകളിലെയും എൺപതുകളിലെയും ഹിന്ദി സിനിമകളിലെ മികച്ച ഗസലുകൾക്ക് അഴകും ആത്മാവും നൽകിയ ഗായകനും സംഗീത സംവിധായകനുമായിരുന്നു അദ്ദേഹം.

19 July 2022 1:53 AM GMT
ഫിൽമി റിപ്പോർട്ടർ

കരോഗെ യാദ്...; ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ ഭൂപീന്ദർ സിംഗ് അന്തരിച്ചു
X

ഹിന്ദി സിനിമകളിലെ മികച്ച ഗസലുകൾക്ക് അഴകും ആത്മാവും നൽകിയ ഗായകനും സംഗീത സംവിധായകനുമായ ഭൂപീന്ദർ സിംഗ് അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. 82 വയസ്സായിരുന്നു. ഗായകന് വൻകുടലിൽ കാൻസർ ബാധിച്ചിരുന്നതായും, ഒരാഴ്ച മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പങ്കാളിയും ഗസൽ ഗായികയുമായ മിതാലി മുഖർജി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

അമൃതസറിൽ ജനിച്ച ഭൂപീന്ദർ പിതാവിൽ നിന്നാണ് സംഗീത പഠനം ആരംഭിച്ചത്. ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡൽഹി ദൂരദർശൻ കേന്ദ്രവുമായി ചേർന്നും പ്രവർത്തിച്ചു. സംഗീത സംവിധായകൻ മദൻ മോഹമായിരുന്നു സിനിമയിൽ അദ്ദേഹത്തിന്റെ ഗുരു. 1962ൽ ഒരു പാർട്ടിയിൽ ഗിറ്റാർ വായിക്കുകയായിരുന്ന ഭൂപീന്ദറിനെ മുംബൈയിലേക്ക് ക്ഷണിച്ചത് അദ്ദേഹമായിരുന്നു. തുടർന്ന് ബോളിവുഡിൽ ഗായകനും സംഗീത സംവിധായകനുമായി.

'കരോഗെ യാദ്' ഭൂപീന്ദറിന്റെ ഏറെ ആരാധകരുള്ള ഗസൽ ഗാനമാണ്. ബോളിവുഡിന് പുറമെയും ഗസലുകളും ഭജനകളും ഗീതുകളും ഭൂപീന്ദർ രചിച്ചിട്ടുണ്ട്. മധ്യകാല കവി കബീറിന്റെ 'മോക്കോ കഹൻ ധൂണ്ടേ രേ ബന്ദേ', 'ആഹത് സി കോയി ആയേ' എന്നിവ അദ്ദേഹത്തിന്റെ രണ്ട് മികച്ച ആലാപനങ്ങളാണ്. ഒരു ഗിറ്റാറിസ്റ്റ് കൂടിയായി പ്രശസ്തിയാർജ്ജിച്ച ഭൂപീന്ദർ, ആർ ഡി ബർമന്റെ സംഘത്തിൽ ഭാഗമായിരുന്നു. 'ദം മാരോ ദം' (ഹരേ രാമ ഹരേ കൃഷ്ണ)', 'ചുരാ ലിയ ഹൈ' (യാദോൻ കി ബരാത്ത്) എന്നിവയിൽ അദ്ദേഹം ഗിറ്റാർ വായിച്ചു.

Story highlights: Singer-composer Bhupinder Singh passes away

Next Story