Top

'എന്റെ പേര് സ്‌ക്രീനിൽ കാണാൻ വേണ്ടി അച്ഛനന്ന് മൂന്നാം നില ഓടിക്കയറി, കുറച്ചു കഴിഞ്ഞപ്പോൾ നെഞ്ചുവേദന'; കെ എസ് ചിത്ര

'നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം റിലീസ് ചെയ്ത കാലം ഇപ്പോഴും ഓർക്കുന്നു...'

19 Jan 2022 3:16 PM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ പേര് സ്‌ക്രീനിൽ കാണാൻ വേണ്ടി അച്ഛനന്ന് മൂന്നാം നില ഓടിക്കയറി, കുറച്ചു കഴിഞ്ഞപ്പോൾ നെഞ്ചുവേദന; കെ എസ് ചിത്ര
X

തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ശബ്ദമാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടേത്. ഇന്ത്യൻ സംഗീത ലോകത്തിനു തന്നെ പ്രിയപ്പെട്ട പാട്ടുകാരിൽ ചിത്രയും ഇടം നേടിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീത ലോകത്തേക്കും പിന്നണി ഗായിക എന്ന പദവിയിലേക്കും കടന്നു വന്ന തന്റെ ഒരു പഴയകാല ഓർമ വീണ്ടും ശ്രദ്ധേയമാകുകയാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കടന്നു വരുന്ന സമയത്ത് തന്റെ പാട്ട് കേൾക്കാനും പേര് സ്‌ക്രീനിൽ എഴുതുന്നത് കാണാനും അച്ഛൻ ഓടി വന്ന രംഗമാണ് ചിത്ര ഓർക്കുന്നത്.

'നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം റിലീസ് ചെയ്ത കാലം ഇപ്പോഴും ഓർക്കുന്നു. അന്ന് മൂന്നു നിലയുള്ള ഒരു തീയേറ്റർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അതിൻറെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നത്. സിനിമ കാണുവാൻ വേണ്ടി വീട്ടിൽ നിന്ന് എല്ലാവരും വന്നു. കുറച്ചു വൈകിയിരുന്നു. സിനിമ തുടങ്ങും മുമ്പ് അവിടെ എത്തില്ല എന്നോർത്ത് പരിഭ്രമിച്ചു. എന്റെ പേര് സ്ക്രീനിൽ എഴുതി കാണിക്കുന്നത് കാണണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. ധൃതിപിടിച്ച് അവിടെ എത്തിയപ്പോഴേക്കും സിനിമ തുടങ്ങാൻ ആയിരുന്നു. മുകളിലെ നിലവരെ ഓടിക്കയറി.'

'അച്ഛന് ചെറിയ ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു. ഒരുപാട് സമ്മർദ്ദം ഉണ്ടായാൽ അദ്ദേഹത്തിന് നെഞ്ചുവേദന വരും. പക്ഷേ ആ ബുദ്ധിമുട്ട് ഒന്നും ആലോചിക്കാതെ ആകാംക്ഷ കൊണ്ട് അച്ഛനും കൂടെ ഓടി. അങ്ങനെ അകത്തുകയറി തൻറെ പേര് എഴുതിക്കാണിച്ചത് കണ്ടു. സിനിമ പകുതി ആയപ്പോൾ അച്ഛന് ചെറിയ അസ്വസ്ഥത തോന്നി തുടങ്ങി. എല്ലാവർക്കും ആകെ പേടിയായി. അതുകൊണ്ട് തന്നെ ആർക്കും സിനിമ കണ്ട് ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഭാഗ്യംകൊണ്ട് അച്ഛന് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.' ചിത്ര പറഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ ) ലഭിച്ചത്. 2005-ൽ പത്മശ്രീ പുരസ്കാരവും നൽകി ആദരിച്ചു. കൂടാതെ 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.

Next Story